നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ സിം കാർഡ്, പഴയ ചോദ്യപേപ്പർ; കസ്റ്റഡിയിലെടുത്തു

പരീക്ഷയ്ക്ക് മുമ്പുള്ള പരിശോധനയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ സിം കാർഡ്, പഴയ ചോദ്യപേപ്പർ; കസ്റ്റഡിയിലെടുത്തു
dot image

പട്‌ന: വാരാണസിയില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡ് പിടികൂടി. ഒപ്പം മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മൈദാഗിനിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജുവേറ്റ് കോളേജില്‍ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷയ്ക്ക് മുമ്പുള്ള പരിശോധനയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സിം കാര്‍ഡ് ഉള്‍പ്പെടെ കണ്ടെത്തിയത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബിഹാറിലെ ഖലിസാരായില്‍ നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതിയവരാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണവും നിയമനടപടികളും നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, പരീക്ഷ വന്‍ വിജയം എന്നാണ് എന്‍ടിഎ അറിയിക്കുന്നത്. ഫലപ്രഖ്യാപനം സാധാരണയേക്കാള്‍ നേരത്തെയാക്കാനാണ് നീക്കം. ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തെത്തുടര്‍ന്നാണ് ഇന്നലെ നീറ്റ് യുജി പുന:പരീക്ഷ നടന്നത്. ഏകദേശം 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 5,440 സെന്ററുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 14 വിദേശ സെന്ററുകളിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരായി.

Content Highlights: SIM Card Found Hidden in NEET Aspirant's Undergarment in Varanasi

dot image
To advertise here,contact us
dot image