മുരളീധരനെതിരെ എരണംകെട്ടവൻ പരാമർശം ആയുധമാക്കി പ്രതിപക്ഷം; 'മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണം'

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഉദ്യോഗസ്ഥ കേന്ദ്രീകൃതമായി മാറിയെന്ന് റിയാസ് ആരോപിച്ചു.

മുരളീധരനെതിരെ എരണംകെട്ടവൻ പരാമർശം ആയുധമാക്കി പ്രതിപക്ഷം; 'മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണം'
dot image

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ആരോഗ്യവകുപ്പ് കുത്തഴിഞ്ഞെന്നും ആരോപിച്ച് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആരോഗ്യമന്ത്രിയുടെ പഴയ പരാമര്‍ശങ്ങളടക്കം ആയുധമാക്കിയായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

'ആരോഗ്യവകുപ്പില്‍ ഏകോപനം ഇല്ല. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെ വേണമെന്ന് പറഞ്ഞ് ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിന് കത്ത് നല്‍കി. ഡോക്ടര്‍മാരെ തരില്ലെന്ന് ആരോഗ്യവകുപ്പ് തിരിച്ചുപറഞ്ഞു. ദേവസ്വം വകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും മന്ത്രിയുടെ പേര് കെ മുരളീധരന്‍ എന്നാണ്', പി എ മുഹമ്മദ് റിയാസ് പരിഹസിച്ചു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഉദ്യോഗസ്ഥ കേന്ദ്രീകൃതമായി മാറി. മന്ത്രിയുടെ ഓഫീസില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ നിപയേക്കാള്‍ ഭയക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു. അത് ഭരണകക്ഷി എംഎല്‍എമാര്‍ക്കും അറിയാം എന്നും റിയാസ് പറഞ്ഞു. മലബാറില്‍ 4 ജില്ലകളില്‍ ഡിഎംഒ ഇല്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി. കോഴിക്കോട് , മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിഎംഒ ഇല്ലാത്തത്. അഡിഷണല്‍ ഡിഎംഒ, ഡെപ്യൂട്ടി ഡിഎംഒ എന്നിവര്‍ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. പകര്‍ച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നതുകൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങള്‍. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല ഞങ്ങളുടെ കാഴ്ചപ്പാട്. ആരോഗ്യമേഖലയിലെ കേരള മോഡല്‍ യുഡിഎഫ് കൈ വിടുന്നുവെന്ന സൂചനകളാണ് 35 ദിവസത്തെ ഇടപെടലില്‍ നിന്നും മനസ്സിലാക്കുന്നത് എന്നും റിയാസ് പറഞ്ഞു.

എരണംകെട്ടവര്‍ ഇരിക്കുന്നത് കൊണ്ടാണോ നിപ വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോഗ്യമന്ത്രി കെ മുരളീധരനെ കടന്നാക്രമിച്ചു. 'എരണം കെട്ടവര്‍ ഇരിക്കുന്നതുകൊണ്ടാണ് നിപ വന്നതെന്നാണ് അദ്ദേഹത്തിന് തോന്നിയത്. ഏതായാലും എരണം കെട്ടവര്‍ ചെയ്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു. അത് മരണപ്പെട്ടവരുടെ എണ്ണം അദ്ദേഹം ഉദ്ധരിച്ചപ്പോള്‍ അപ്പുറത്തിരിക്കുന്നവര്‍ കയ്യടിക്കുന്നതുകേട്ടു. അത് എരണം കെട്ടതുകൊണ്ടല്ല. രോഗത്തിന്റെ മാരകമായ പ്രഹരശേഷിയാണ് കാണിക്കുന്നത്', പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ മറുപടി. സര്‍ക്കാരിനോട് കൂറില്ലാത്ത ഉദ്യോഗസ്ഥരെ കസേര മാറ്റിയിരുത്തുമെന്നും ഇനിയും അത് തുടരുമെന്നും മന്ത്രി കെ മുരളീധരന് മറുപടിയില്‍ പറഞ്ഞു.

Content Highlights: The Opposition launched a sharp attack on the government in the Assembly over the handling of communicable diseases. MLA P A Mohammed Riyas submitted a notice for an adjournment motion, alleging complete failure in disease control and inefficiency in the Health Department.

dot image
To advertise here,contact us
dot image