

പാലക്കാട്: നഗരസഭയുടെ വിചിത്രമായ സ്റ്റോപ്പ് മെമ്മോ കാരണം വയോധികന് തകര്‍ന്ന വീട് ശരിയാക്കാന്‍ കഴിയാതെ പോയ സംഭവത്തില്‍ ഇടപെട്ട് ഉദ്യോഗസ്ഥർ. വിഷയത്തില്‍ പരാതി ഉടന്‍ പരിഹരിക്കുമെന്ന് പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സ്മിതേഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാലക്കാട് വടക്കന്തറ സ്വദേശി കേശവാനന്ദത്തിനും കുടുംബത്തിനുമാണ് മുനിസിപ്പാലിറ്റിയുടെ വിചിത്ര ഉത്തരവിനെ തുടര്‍ന്ന് തകര്‍ന്ന വീട് ശരിയാക്കാന്‍ കഴിയാതിരുന്നത്.
മുന്‍കൂര്‍ അനുമതിയില്ലെന്ന് ആരോപിച്ച് വീടിന്റെ തകര്‍ന്ന മേല്‍കൂര ശരിയാക്കുന്നത് തടഞ്ഞുവെന്നാണ് കേശവാനന്ദം പറഞ്ഞത്. എന്നാല്‍ തകര്‍ന്ന വീട്ടിലെ ഓട് മാറ്റി സ്ഥാപിക്കാന്‍ ആരുടെയും അനുമതി വേണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ സ്മിതേഷ് പറഞ്ഞു. വിഷയത്തില്‍ തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ഇടപെടലിനെ തുടര്‍ന്ന് മോര്‍ണിംങ് ഷോ കോഫി വിത്ത് സ്മൃതിയിലായിരുന്നു പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സ്മിതേഷ് പ്രതികരിച്ചത്. കുടുംബം ഉന്നയിച്ച പ്രശ്‌നത്തിന്‍ പരിഹാരമുണ്ടായതിനാല്‍ ആശ്വാസമെന്നാണ് വടക്കന്തറ സ്വദേശി കേശവാനന്ദത്തിന്റെ പ്രതികരണം.
തകര്‍ന്ന മേല്‍കൂരയില്‍ ടാര്‍പ്പായ വലിച്ച് കെട്ടിയാണ് കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ മഴയിലാണ് വീടിന്റെ ഒരു ഭാഗത്തെ മേല്‍കൂര പൂര്‍ണ്ണമായും തകര്‍ന്നത്. നിലവില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ശരിയാക്കണമെന്നായിരുന്നു കുടുബത്തിന്റെ ആവശ്യം.
Content Highlights: Municipality's intervention in the incident where a damaged house could not be repaired