

ഇന്ധനവില കുറയുന്നതിനെ സംബന്ധിച്ച് വിചിത്ര വാദവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റോഡുകളുടെ വികസനം പൂർത്തിയാകുമ്പോൾ എത്തേണ്ട സ്ഥലങ്ങളിൽ പകുതി സമയത്തിനുള്ളിൽ എത്തുമെന്നും അത് പെട്രോൾ വില കുറയുന്നതിന് സമാനമായ ഒരു പ്രതീതി സൃഷ്ടിക്കും എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. സാമ്പത്തിക ശാസ്ത്രവും-ഗണിതവും അറിയാവുന്ന ആരും ഈ ആശയത്തെ വിമർശിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മോഡി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള ബിജെപി കോട്ടയം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പരിപാടികളിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 'പെട്രോൾ, ഡീസൽ വില സംബന്ധിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. തർക്കങ്ങളും വിമർശനങ്ങളും നടക്കുന്നുണ്ട്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരം ഏതാണ് ഇപ്പോൾ 9 -10 മണിക്കൂർ വരെയാണ് ഇപ്പോൾ എടുക്കുന്നത്. റോഡുപണി പൂർണമാകുന്നതോടെ കോഴിക്കോട് നിന്ന് പൊന്നാനി വഴിക്ക് വന്നാലും ദേശീയപാത 47 വഴി വന്നാലും പകുതി സമയത്തിനുള്ളിൽ എത്തും. ഇത് പെട്രോൾ വില കുറയുന്നതിന് സമാനമാണ്' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം, ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ ചലനങ്ങളുണ്ടായിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കാര്യമായി ഉയര്‍ന്നിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി അവകാശപ്പെട്ടു. 2021 നവംബറിലും 2022 മെയ് മാസത്തിലും വീണ്ടും അടുത്തകാലത്തും കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതായി മന്ത്രി പറഞ്ഞു. ഇതോടെ പെട്രോള്‍, ഡീസല്‍ ഓരോ ലിറ്ററിനും ഏകദേശം 10 രൂപ വീതം സര്‍ക്കാര്‍ വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി
അന്താരാഷ്ട്ര ക്രൂഡ് വില കുറയുന്നത് സംബന്ധിച്ച് ആഭ്യന്തര ഇന്ധനവില കുറയുമോ എന്ന ചോദ്യത്തിന് മറുപടിയായി, 193 രാജ്യങ്ങളില്‍ ജപ്പാന്‍ മാത്രമാണ് ഇന്ത്യയെക്കാള്‍ കുറഞ്ഞ വില വര്‍ധന രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച 2022 മുതല്‍ വിലകള്‍ പരിശോധിച്ചാല്‍ യഥാര്‍ത്ഥത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൊത്തം വര്‍ധന ഏകദേശം 7.60 രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം മൂലം എണ്ണ കമ്പനികള്‍ക്ക് ദിവസേന ഏകദേശം 1,000 കോടി രൂപ നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും, ഈ ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Union Minister Suresh Gopi has sparked debate with his remarks on fuel prices. He stated that once ongoing road development projects are completed, people will be able to reach destinations in half the time, creating an effect similar to a reduction in petrol prices