

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് ഏകോപനമില്ലെന്ന മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. ജനങ്ങള്‍ വീട്ടില്‍ ഇരുത്തിയവര്‍ക്ക് ആര് മറുപടി പറയാനാണെന്നായിരുന്നു മുരളീധരന്‍ ചോദിച്ചത്. പോയി പണി നോക്കാനും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജലപീരങ്കി വിവാദത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. വെള്ളം പരിശോധിക്കാന്‍ കൊടുത്തിട്ടുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ഇപ്പോള്‍ എല്ലാം പരാജയമാണല്ലോ എന്നും മുരളീധരന്‍ പരിഹസിച്ചു. ആരോഗ്യം പരിപാലിക്കുക എന്നതാണ് തങ്ങള്‍ നോക്കുന്നത്. വിഷയത്തില്‍ ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ് കഴിഞ്ഞു. പകര്‍ച്ചാവ്യാധി പ്രതിരോധത്തില്‍ അടക്കം കൂട്ടമായ ചര്‍ച്ച നടക്കുന്നുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
പകര്‍ച്ചാവ്യാധികളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ വിഷയത്തില്‍ കെ മുരളീധരന്‍ നിയമസഭയില്‍ നടത്തിയ പ്രതികരണത്തിലായിരുന്നു വീണാ ജോര്‍ജ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. ആരോഗ്യ വകുപ്പില്‍ ഇന്ന് ആകെ നേരിടുന്ന പ്രശ്‌നം പത്ത് വര്‍ഷത്തെ റീല്‍സും അഞ്ച് വര്‍ഷത്തെ വീണമീട്ടലുമാണ് എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതിന് ഉത്തരവാദിത്വം മറക്കേണ്ടെന്നും വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ എന്നുമായിരുന്നു വീണാ ജോര്‍ജ് പറഞ്ഞത്. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇരിക്കുകയാണെന്നും വീണാ ജോര്‍ജ് പരിഹസിച്ചിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് പ്രശ്നമാകാമെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞ് അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തുനിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നില്‍ നിന്ന ആളുകളില്‍ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
എല്‍ഡിഎഫ് കാലത്തെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം മുരളീധരന് എന്തുകൊണ്ട് പ്രശ്നമായി തോന്നുന്നു എന്നതിന് ചില ഉദാഹരണങ്ങളും വീണാ ജോര്‍ജ് അക്കമിട്ട് പറയുന്നുണ്ട്. വി എസ് ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്തെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെയും ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് താരതമ്യം ചെയ്തുള്ള കണക്കാണ് അതില്‍ ഒന്ന്. ശിവകുമാറിന്റെ കാലത്ത് ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് 0.8 ആയിരുന്നത് 0.1 ആയി കുറച്ചതായി വീണാ ജോര്‍ജ് പറയുന്നു. ശിശുമരണ നിരക്ക് കുറഞ്ഞതും പരിശോധനാ ലാബുകള്‍ തുടങ്ങിയതും അടക്കമുള്ള കാര്യങ്ങളും വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights- K. Muraleedharan responded strongly to remarks made by Veena George, intensifying the public exchange between the two political leaders