

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ആയിരുന്നു ഇറാൻ 2026 ഫിഫ ലോകകപ്പിലെ മത്സരങ്ങൾക്കായി എത്തിയത്. മത്സരശേഷം വിശ്രമിക്കാൻ പോലും അനുവാദം നൽകാതിരുന്നതും ഉടൻ തന്നെ അമേരിക്കവിട്ടുപോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇറാൻ തങ്ങളുടെ ലോകകപ്പിലെ രണ്ടാം മത്സരത്തിന് ശേഷം സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിൽ ഒരു കത്ത് എഴുതി വച്ച് മടങ്ങിയിരിക്കുകയാണ് ഇറാൻ ടീം.
'ഞങ്ങൾ ഏറെ അഭിമാനത്തോടെയാണ് ലോസ് ആഞ്ചലസിലെത്തിയത്. മാന്യതയോടെ തന്നെ മത്സരം കളിക്കുകയുംഎം ചെയ്തു, അന്തസ്സോടെ തന്നെ ഞങ്ങൾ മടങ്ങുകയുമാണ്. ലോസ് ആഞ്ചലസ് ഞങ്ങൾക്ക് നൽകിയ ആത്മാർത്ഥമായ ആതിഥേയത്വത്തിന് നന്ദി അറിയിക്കുകയാണ്. ഈ 180 മിനിറ്റുകൾ മുഴുവൻ ഇറാനുവേണ്ടി ഹൃദയവും ശബ്ദവും ആത്മാവും സമർപ്പിച്ച ഓരോ ഇറാനിയനോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കിടയിലും സമാധാനവും സൗഹൃദവും എന്നും നിലനിൽക്കട്ടെ', ഇറാൻ ടീം കുറിപ്പിൽ കുറിച്ചിട്ടു.
ഇറാൻ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഗോൾ രഹിത സമനിലയിലായിരുന്നു ശക്തരായ ബെൽജിയത്തെ തളച്ചത്. ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ടിന്റെ അതിമനോഹര രക്ഷപ്പെടുത്തലുകളാണ് ടീമിന് മത്സരത്തിൽ സമനില സമ്മാനിക്കുന്നതിൽ നിർണായകമായിരുന്നത്.
Content highlight: Iran football team leaves touching peace letter in dressing room