കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച് ഓണ്‍ലൈന്‍ വ്‌ളോഗര്‍മാരുടെ വ്യാജ പ്രചാരണം; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

മലബാര്‍ ദേവസ്വം ബോര്‍ഡിനോടും കൊട്ടിയൂര്‍ ദേവസ്വത്തോടും കണ്ണൂർ പൊലീസിനോടുമാണ് കോടതി വിശദീകരണം തേടിയത്

കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച് ഓണ്‍ലൈന്‍ വ്‌ളോഗര്‍മാരുടെ വ്യാജ പ്രചാരണം; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി
dot image

കൊച്ചി: കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി. മലബാര്‍ ദേവസ്വം ബോര്‍ഡും കൊട്ടിയൂര്‍ ദേവസ്വവും കണ്ണൂർ പൊലീസും മറുപടി നല്‍കണം. എറണാകുളം മരട് സ്വദേശി സനല്‍ സിഎസ് നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.

പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ഓണ്‍ലൈന്‍ വ്‌ളോഗര്‍മാര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ ആചാരങ്ങളോ പരമ്പരാഗത അനുഷ്ഠാനങ്ങളോ അല്ല ഓണ്‍ലൈന്‍ വ്‌ളോഗര്‍മാര്‍ പ്രചരിപ്പിക്കുന്നത്. വ്‌ളോഗര്‍മാരുടെ വ്യാജപ്രചാരണം മൂലം ബാവലി പുഴ മലിനമാക്കുന്നു. വസ്ത്രാവശിഷ്ടങ്ങള്‍ ബാവലിപ്പുഴയില്‍ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്നും വ്‌ളോഗര്‍മാര്‍ പ്രചരിപ്പിക്കുന്നു. പുഴയിലേക്കും വനമേഖലയിലും മാലിന്യങ്ങള്‍ തള്ളുന്നത് പരിസ്ഥിതി ലോലപ്രദേശമായ കൊട്ടിയൂരിന് നാശമുണ്ടാക്കുന്നു. സമാധാനപരമായ ക്ഷേത്രാന്തരീക്ഷം സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം മൂലം തകര്‍ക്കുന്നു. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണ്. ക്ഷേത്ര പരിസരത്ത് ഭക്തരും ഓണ്‍ലൈന്‍ വ്‌ളോഗര്‍മാരും തമ്മില്‍ തര്‍ക്കം പതിവാണെന്നും ക്രമസമാധാന പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് ഇടപെടണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹര്‍ജി സെപ്തംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും. ഹർജിക്കാരന് വേണ്ടി അഭിഭാഷകനായ ആദിത് കിരൺ ആർ‌ എസ് ഹാജരായി.

Content Highlights: The Kerala High Court has sought an explanation on a petition alleging that online vloggers are spreading false and misleading content about Kottiyoor Temple. Read the latest updates on the case.

dot image
To advertise here,contact us
dot image