

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന കരാർ പുരോഗമിക്കുന്നതിനിടയിലും, ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളെ മറികടക്കാൻ തന്ത്രപരമായ നീക്കങ്ങളുമായി ഇന്ത്യ. ആഗോള വിപണിയിലെ തടസ്സങ്ങൾ ഇന്ത്യൻ വിപണിയെ ബാധിക്കാതിരിക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ റെക്കോർഡ് വേഗത്തിലാണ് വർദ്ധിപ്പിച്ചത്. ഇതിനൊപ്പം യുഎഇ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഇന്ത്യ ശക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ, തങ്ങളുടെ ആവശ്യകതയുടെ 88 ശതമാനം അസംസ്‌കൃത എണ്ണയും പുറത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ലഭ്യതയെ ബാധിക്കുമെന്ന സൂചനകൾ വന്നതോടെയാണ് ഇന്ത്യൻ എണ്ണ ശുദ്ധീകരണ കമ്പനികൾ മറ്റ് വിപണികളിലേക്ക് അതിവേഗം മാറിയത്.
മാരിടൈം കമ്മോഡിറ്റി ഇൻ്റലിജൻസ് സ്ഥാപനമായ 'കെപ്ലർ' (Kpler) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ 1 മുതൽ ജൂൺ 19 വരെയുള്ള കാലയളവിൽ ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം ശരാശരി 2.66 ദശലക്ഷം ബാരൽ (bpd) അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. മേയ് മാസത്തിലെ 1.91 ദശലക്ഷം ബാരലിൽ നിന്നാണ് ഈ കുത്തനെയുള്ള വർദ്ധനവ്. വിലക്കിഴിവിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയുന്ന സാഹചര്യവുമുണ്ടായി.
റഷ്യക്ക് പിന്നാലെ യുഎഇ തന്നെയാണ് ഇന്ത്യയുടെ രണ്ടാമത്തെ വലിയ സ്രോതസ്സായി നിലകൊള്ളുന്നത്. ജൂണിൽ പ്രതിദിനം 6,36,000 ബാരൽ എണ്ണയാണ് യുഎഇ-യിൽ നിന്ന് ഇന്ത്യയിലെത്തിയത്. സൗദി അറേബ്യ 3,84,000 ബാരലുകളുമായി മൂന്നാം സ്ഥാനത്തും, പുതിയ വിപണിയായി ഉയർന്നുവന്ന വെനസ്വേല പ്രതിദിനം 2,09,000 ബാരലുകളുമായി നാലാം സ്ഥാനത്തുമുണ്ട്. അതേസമയം അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി മേയിലെ 2,52,000 ബാരലിൽ നിന്ന് ജൂണിൽ വെറും 91,000 ബാരലായി കുത്തനെ ഇടിഞ്ഞു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ആഗോള ഊർജ്ജ വിപണിയിൽ വലിയൊരു നാഴികക്കല്ലാകുമെന്ന് കെപ്ലറിലെ സീനിയർ മാനേജർ സുമിത് റിതോലിയ വ്യക്തമാക്കി. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഇതിന്റെ സ്വാധീനം ഓരോ ഇന്ധനങ്ങളിലും വ്യത്യസ്തമായിരിക്കും. ഈ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ, എൽഎൻജി ഇറക്കുമതി കാര്യമായി ബാധിക്കാതെ പിടിച്ചുനിന്നെങ്കിലും, എൽപിജി ഇറക്കുമതിയെയാണ് ഇത് ഏറ്റവും സാരമായി ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 90 ശതമാനവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ആശ്രയിച്ചായതുകൊണ്ടാണ് ഈ വലിയ തടസ്സമുണ്ടായത്. എന്നാൽ ജൂലൈ ആദ്യവാരത്തോടെ കടലിടുക്ക് പൂർണ്ണമായി തുറക്കുന്നതോടെ ആദ്യം സാധാരണ നിലയിലാവുക എൽപിജി വിതരണമായിരിക്കും. ഇതിന് പിന്നാലെ എൽഎൻജിയും, തൊട്ടുപിന്നാലെ അസംസ്‌കൃത എണ്ണ വിതരണവും പഴയപടിയിലാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ വെടിനിർത്തലിന് ശേഷം മൂന്ന് ഇന്ത്യൻ എണ്ണക്കപ്പലുകളും ഒരു എൽഎൻജി കാരിയറും ഹോർമൂസ് വഴിയുള്ള യാത്ര പുനരാരംഭിച്ചിട്ടുണ്ട്.
ഹോർമുസ് പ്രതിസന്ധി പരിഹരിക്കപ്പെട്ടാലും ഇന്ത്യയുടെ എണ്ണ തന്ത്രങ്ങളിൽ റഷ്യൻ ക്രൂഡിനുള്ള പ്രാധാന്യം കുറയില്ലെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം അറ്റ്ലാന്റിക് മേഖലയിലെ രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് വെനസ്വേലയിൽ നിന്നും ഇന്ത്യ ഇറക്കുമതി വിപുലീകരിക്കുന്നുണ്ട്. ജൂൺ മാസത്തിൽ വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി 3,00,000 മുതൽ 4,00,000 ബാരൽ വരെയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഹെവി ക്രൂഡ് ഓയിൽ (അധികം ശുദ്ധീകരിക്കാത്ത കട്ടിയുള്ള എണ്ണ) പ്രോസസ്സ് ചെയ്യുന്ന ഇന്ത്യൻ റിഫൈനറികൾക്ക് വെനിസ്വേല വലിയൊരു ആശ്വാസമാണ്. എങ്കിലും വെനിസ്വേലയ്‌ക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളും അവിടുത്തെ ആഭ്യന്തര ഉൽപ്പാദന പരിമിതികളും ഭാവിയിൽ വെല്ലുവിളിയായേക്കാം.
Content Highlights: India has expanded its crude oil sourcing by increasing imports from the UAE and Venezuela while reducing its reliance on Saudi Arabia. The strategy is aimed at strengthening energy security, managing geopolitical risks, and ensuring stable supplies amid disruptions in global oil markets and changing trade patterns.