ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കാനഡ ഹൈക്കമ്മീഷണര്‍; വിസ നടപടികള്‍ മെച്ചപ്പെടുത്തും

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് പരിധി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ഇപ്പോള്‍ കാനഡയില്‍ ഏകദേശം 4 ലക്ഷം രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ഹൈക്കമ്മീഷണര്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കാനഡ ഹൈക്കമ്മീഷണര്‍; വിസ നടപടികള്‍ മെച്ചപ്പെടുത്തും
dot image

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും കാനഡ ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങളുണ്ടെന്ന് ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണര്‍. കുടിയേറ്റ-വിദ്യാര്‍ത്ഥി വിസ നയങ്ങളിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ കാനഡ രാജ്യാന്തര വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നില്ലെന്ന ധാരണ ഇന്ത്യയില്‍ വ്യാപകമാണെന്ന് ക്രിസ് കൂറ്റര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് തെറ്റായ ധാരണയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥി പ്രവേശനത്തിന് പരിധി ഏര്‍പ്പെടുത്തിയതെന്തിന്?

കാനഡയിലെ വീടുകളുടെ ലഭ്യതക്കുറവും ചില നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് പരിധി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ഇപ്പോള്‍ കാനഡയില്‍ ഏകദേശം 4 ലക്ഷം രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ആകെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കാനഡയിലുള്ളത്. അമേരിക്കയേക്കാളും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയെ ഗൗരവമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സര്‍വകലാശാലകളും കോളേജുകളും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ട്. നിരവധി കനേഡിയന്‍ സര്‍വകലാശാലകള്‍ ലോകത്തിലെ മികച്ച 100 സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

എംസിഗില്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ടൊറോന്റോ തുടങ്ങിയ സ്ഥാപനങ്ങള്‍ ലോകോത്തര റാങ്കിങില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴാണ് അപേക്ഷിക്കാന്‍ ഏറ്റവും നല്ല സമയമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച വിദ്യാര്‍ത്ഥി പ്രവേശന പരിധി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന് കൂറ്റര്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഇതാണ് ഏറ്റവും നല്ല സമയം. ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു, ഇപ്പോഴും പ്രവേശന പരിധികള്‍ക്ക് ഇളവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിസ നടപടികള്‍ മെച്ചപ്പെടുത്തും

വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ബിസിനസ് യാത്രക്കാരും നേരിടുന്ന വിസ സംബന്ധമായ കാലതാമസങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കാന്‍ കാനഡ സജീവമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മാര്‍ക്ക് കാര്‍നേ ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം വിസ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിസ ലഭ്യതയിലെ കുറവുകള്‍ പരിഹരിച്ച്, അപേക്ഷാ നടപടികള്‍ കൂടുതല്‍ വേഗത്തിലും സുഗമവുമാക്കുകയാണ് ലക്ഷ്യമെന്നും കൂറ്റര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Canada has reassured Indian students that it remains open to international education, with available spaces under current student intake caps and ongoing efforts to make the visa process faster and more efficient

dot image
To advertise here,contact us
dot image