

കുവൈറ്റിലെ പൊതു പാർക്കിങ് കേന്ദ്രങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കോ സ്വന്തം ഉപഭോക്താക്കൾക്കോ മാത്രമായി മാറ്റിവെക്കാൻ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയം. വാണിജ്യ സ്ഥാപനങ്ങൾക്ക് മുന്നിലുള്ള പൊതു പാർക്കിങ് ഇടങ്ങളിൽ അവകാശവാദം ഉന്നയിച്ച് ബോർഡുകൾ സ്ഥാപിക്കുന്നതും തടസ്സങ്ങൾ സൃഷ്ടിക്കുന്നതും നിയമവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസൻ വ്യക്തമാക്കി.
പൊതുജനങ്ങൾക്കെല്ലാം ഒരുപോലെ ഉപയോഗിക്കാനുള്ള പാർക്കിങ് സൗകര്യങ്ങൾ മുൻകൂർ അനുമതിയില്ലാതെ കൈവശപ്പെടുത്തുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ, രാജ്യത്തെ ഡ്രൈവിങ് ടെസ്റ്റ് നടപടിക്രമങ്ങളിലും അധികൃതർ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഗവർണറേറ്റുകളിലുമുള്ള ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ഇനിമുതൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും. മുൻപ് വൈകുന്നേരങ്ങളിൽ ടെസ്റ്റിന് സമയം ലഭിച്ചിരുന്നവരും പുതിയ സമയക്രമം അനുസരിച്ച് രാവിലെ തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി പരീക്ഷകളിൽ പങ്കെടുക്കേണ്ടതാണ്.
ഔദ്യോഗിക അവധിദിനങ്ങളും മറ്റ് സാങ്കേതിക കാരണങ്ങളും പരിഗണിച്ച് നിരവധി അപേക്ഷകരുടെ ഡ്രൈവിങ് ടെസ്റ്റ് തീയതികൾ പുനക്രമീകരിച്ചിട്ടുണ്ട്. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി അപേക്ഷകർ തങ്ങളുടെ പുതുക്കിയ തീയതിയും സമയവും 'സഹൽ' ആപ്ലിക്കേഷൻ വഴി പരിശോധിച്ച് ഉറപ്പാക്കണമെന്ന് ട്രാഫിക് വകുപ്പ് നിർദ്ദേശിച്ചു.
രാജ്യത്തെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും അത്യാധുനിക സ്മാർട്ട് ട്രാഫിക് സംവിധാനം ഏർപ്പെടുത്തിയതായും ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസൻ അറിയിച്ചു. ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഇതിലൂടെ, റോഡുകളിലെ വാഹനങ്ങളുടെ തിരക്ക് 24 മണിക്കൂറും നിരീക്ഷിച്ച് അതിനനുസൃതമായി സിഗ്നൽ സമയങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും. സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് പൂർണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Content Highlights: Kuwait has cautioned residents and businesses against setting aside public parking spaces for personal or private purposes. Authorities said public parking areas must remain accessible to everyone and warned of penalties for violations.