

കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയിലെ കൂട്ടരാജിയില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. സംഘടനയിലേത് ആഭ്യന്തര പ്രശ്നമാണ്. അത് സംഘടനയില്‍ തന്നെ തീരട്ടെ എന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലുള്ള ഏതൊരു സംഘടനയെയും പോലെ തന്നെയാണ് അമ്മ സംഘടനയെയും സർക്കാർ കാണുന്നത്. താരങ്ങള്‍ ഉൾപ്പെടുന്നതു കൊണ്ടാണ് ഇത്രയധികം വാര്‍ത്താ പ്രാധാന്യം ഉണ്ടാകുന്നത്. രാഷ്ട്രീയക്കാര്‍ സംഘടനയില്‍ ഉണ്ടെങ്കിലും സംഘടനയ്ക്കകത്ത് അവര്‍ താരങ്ങള്‍ മാത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താരസംഘടന സമൂഹത്തിന് നല്‍കുന്ന സന്ദേശം മോശമാണോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കാന്‍ മാത്രമേ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് അമ്മ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചത്. ജോയിന്‍റ് സെക്രട്ടറിയായ അന്‍സിബ ഹസ്സൻ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. ശ്വേത മേനോന്‍റെ നേതൃത്വത്തിലുളള ഭരണസമിതി 2025 ഓഗസ്റ്റ് 15-നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശ്വേതാ മേനോനെ പ്രസിഡന്റായും കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയായും അന്ന് തെരഞ്ഞെടുത്തിരുന്നു. അമ്മയുടെ ചരിത്രത്തിലാദ്യമായാണ് തലപ്പത്ത് വനിതകളെത്തിയത്. 310 ദിവസം മാത്രമാണ് ഇവര്‍ സംഘടനയെ നയിച്ചത്. ഒരുവര്‍ഷം തികയും മുന്‍പേയാണ് ഭരണസമിതിയുടെ രാജി.
സംഘടനയെ ഇനി നയിക്കുക അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. രമേഷ് പിഷാരടി എംഎല്‍എയായിരിക്കും അഡ്ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, ആശ അരവിന്ദ്, ഷാജോണ്‍, കൃഷ്ണ പ്രഭ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Content Highlight:PC Vishnunath has commented on the ongoing developments within the AMMA actors' association, stating that the matter remains an internal issue of the organization. According to him, the current situation does not warrant government intervention.