ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

ഇന്നലെയായിരുന്നു പത്തനംതിട്ട ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും
dot image

പത്തനംതിട്ട: ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ബലാത്സംഗകുറ്റം പ്രതി സമ്മതിച്ചില്ലെങ്കിലും ഇന്‍ക്വസ്റ്റ് നടത്തിയതില്‍ നിന്നും യുവതിയുടെ മൃതദേഹത്തില്‍ വലിച്ചിഴച്ച പാടുകളും മുറിവുകളും കണ്ടെത്തിയിരുന്നു. പ്രതി വിനോദിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. വാക്കുതര്‍ക്കത്തിനിടെ യുവതിയെ തള്ളിയപ്പോള്‍ തല കല്ലിലിടിച്ചുവെന്നാണ് പ്രതി നല്‍കിയ മൊഴി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ഇന്നലെയായിരുന്നു പത്തനംതിട്ട ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ വിനോദ് യുവതിയെ അപായപ്പെടുത്തിയെന്നാണ് വിവരം.

യുവതി അങ്കണവാടിയില്‍ എത്താത്തതിനെ തുടര്‍ന്ന് ഗവിയിലെ ആളുകളും വനപാലകരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വനത്തില്‍ കണ്ടെത്തിയത്. കൃത്യത്തിന് ശേഷം വിനോദ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വള്ളക്കടവ് ഫോറസ്റ്റ് ഓഫീസ് ചെക്ക് പോസ്റ്റില്‍ വെച്ച് വലപാലകര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൃക്സാക്ഷി പൊലീസിന് നല്‍കിയ വിവരമാണ് വഴിത്തിരിവായത്. പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടില്‍ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷി നല്‍കിയ വിവരം. വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും വിവരം ഇയാള്‍ നല്‍കിയിരുന്നു.

Content Highlights: postmortem of an Anganwadi worker who was killed in Gavi is scheduled to be conducted today, as police continue their investigation into the incident

dot image
To advertise here,contact us
dot image