

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം. തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളവും അദാനിക്ക് നല്‍കാനാണ് നീക്കം. വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിന് തിരിച്ചടിയാകും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കുന്നതെന്നും സിപിഐഎം ആരോപിച്ചു.
പ്രവാസി ക്ഷേമത്തിന് കാര്യമായ തുക വകയിരുത്തിയില്ല. ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്ന ബജറ്റാണിത്. കേന്ദ്രത്തിന്റെ ഫെഡറല്‍ വിരുദ്ധ സമീപനത്തിനെതിരെ ബജറ്റില്‍ ശക്തമായ നിലപാടില്ലെന്നും പ്രസ്താവനയിൽ വിമര്‍ശനമുണ്ട്. രാഷ്ട്രീയ വിരോധം മൂലം എല്‍ഡിഎഫ് പദ്ധതികള്‍ തകര്‍ക്കുകയാണ്. ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്‌താവനയുടെ പൂർണ രൂപം
പൊതുസമ്പത്ത് സ്വകാര്യ മേഖലക്ക് തീറെഴുതുന്നതും, കേരളത്തിന്റെ നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നതുമാണ് സംസ്ഥാന ബജറ്റ്. മിഷൻ സമുദ്രയെന്ന പേരിൽ അവതരിപ്പിച്ചിട്ടുള്ള പദ്ധതി ഫലത്തിൽ സ്വകാര്യ മേഖലക്ക് തുറമുഖങ്ങൾ തുറന്നിട്ടുകൊടുക്കാനുള്ള നീക്കമാണ്. വിഴിഞ്ഞം പദ്ധതിക്കെതിരെ രംഗത്തുവന്ന് കലാപമൊരുക്കുന്നതിനോടൊപ്പം നിന്നവർ തുറമുഖ വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് വെറും വാചക കസറത്താണ്. സതേൺ കേരള ഇക്കണോമിക് ആന്റ് റെയർ എർത്ത് കോറിഡോർ എന്ന പദ്ധതി അമൂല്യമായ കരിമണൽ ഖനനം സ്വകാര്യ മേഖലയിൽ ഏൽപ്പിച്ചുകൊടുക്കാനുള്ള തുടക്കമാണ്.
എൽഡിഎഫ് ഗവൺമെന്റ് തുടർച്ചയായി 10 വർഷം സ്വകാര്യ മേഖലയെ അകറ്റി നിർത്തിയ കരിമണൽ ഖനനം വ്യവസായ നിക്ഷേപം എന്ന പേരിൽ സ്വകാര്യ മേഖലക്ക് കടന്നുവരാനുള്ളതാണെന്ന് ഏതൊരു മലയാളിക്കും മനസ്സിലാകും. ജനകീയ പങ്കാളിത്തതോടെ ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് കൂടി അദാനിക്ക് തീറെഴുതാനാണ് വ്യോമയാന നയത്തിൽ കൂടിയുള്ള നീക്കം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൊടുക്കാതിരിക്കാൻ ആവുന്നത്ര ശ്രമിച്ച കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിനെ തോൽപ്പിക്കാനാണ് കേന്ദ്രം വിമാനത്താവളം അദാനിയെ ഏൽപ്പിച്ച് കൊടുത്തത്. അന്ന് ഒരക്ഷരം എതിരായി പറയാത്തവരാണ് ഇന്ന് ഭരണത്തിൽ. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിഗൂഢമായ മാംഗ്ലൂർ വിമാനയാത്രയുടെ പശ്ചാത്തലത്തിൽ കാണണം. കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സാറ്റ്‌ലൈറ്റ് നിർമ്മാണ വിക്ഷേപണത്തിൽ സ്വകാര്യ പങ്കാളിത്തത്തിന് ശ്രമിക്കുകയാണ് ബജറ്റ്.
കേരള ഗവൺമെന്റ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ഒട്ടേറെ പദ്ധതികൾ പേര് മാറ്റി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. നോളഡ്‌ജ് വാലി ഉദാഹരണം.
എക്കാലവും വലതുപക്ഷ സർക്കാരുകളും, പ്രത്യേകിച്ച് കേന്ദ്ര ഗവൺമെന്റും ഉറ്റുനോക്കുന്ന പദ്ധതിയാണ് വിദേശ യൂണിവേഴ്‌സിറ്റികൾക്ക് വാതിൽ തുറന്നുകൊടുക്കുകയെന്നുള്ളത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടം സാധാരണക്കാർക്കുണ്ടാക്കി കൊടുക്കുന്ന യൂണിവേഴ്‌സിറ്റികളെ മറികടക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.
എക്കാലവും ഭൂപരിഷ്‌ക്കരണ നടപടികളെ അട്ടിമറിച്ച് പോന്ന പാരമ്പര്യമുള്ള കോൺഗ്രസ് രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന് പറഞ്ഞാൽ ഉൽകണ്‌ഠയോടെ മാത്രമേ കേൾക്കാനാവുകയുള്ളൂ. യുഡിഎഫ് ഭരണകാലത്ത് ഇഷ്ടദാന ബില്ല് കൊണ്ടുവന്ന് ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ഹൃദയം കീറിക്കളഞ്ഞ നയത്തെ എതിർത്ത് തോൽപ്പിച്ചവരാണ് കേരളത്തിലെ ജനങ്ങൾ. ഇന്ദിരാ ഗ്യാരണ്ടിയിൽ പെടുത്തി ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് ഇതിനുവേണ്ടി മാറ്റിവച്ചിട്ടുള്ളത് 10 കോടി രൂപ മാത്രമാണെന്നത് ജനങ്ങളെ കബളിപ്പിക്കലല്ലാതെ മറ്റെന്താണ്. പ്രവാസി ക്ഷേമത്തിനുവേണ്ടി അര പേജ് മാറ്റിവച്ചതല്ലാതെ അവരുടെ ക്ഷേമനിധിക്കുവേണ്ടി നാമമാത്രമായ തുക പോലും മാറ്റിവച്ചിട്ടില്ല.
കേരളത്തിൽ 5 ലക്ഷത്തിലേറെ വീടുകൾ നിർമ്മിച്ച് കൈമാറിയ എൽഡിഎഫിന്റെ ലൈഫ് പദ്ധതി, 31 ലക്ഷം സ്‌ത്രീകൾളുടെ ക്ഷേമത്തിനുവേണ്ടി വിഭാവനം ചെയ്‌ത 16 ലക്ഷം പേർക്ക് 1,000 രൂപ വീതം സഹായം നൽകിയ സ്‌ത്രീ സുരക്ഷാ പദ്ധതി, വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന കണക്ട് ടു വർക്ക് പദ്ധതി എന്നിവ തകർത്തു. ഒരു ലക്ഷത്തോളം കോടി രൂപയുടെ വികസന പദ്ധതികൾ അടിസ്ഥാന മേഖലയിൽ ചെലവാക്കിയ കിഫ്‌ബിക്കെതിരായ പ്രചരണങ്ങളും യുഡിഎഫിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതാണ്.
അടിസ്ഥാന രഹിതമായ ഏത് പ്രഖ്യാപനത്തിനും യാതൊരു ചളിപ്പുമില്ലാത്ത ഭരണ കർത്താക്കളാണ് കേരളത്തിലുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് വന്യമൃഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനുവേണ്ടി എന്ന നിലയിൽ പ്രഖ്യാപിച്ചിട്ടുള്ള കടുവയേയും പുലിയേയും കാട്ടിൽ നിന്ന് മാറ്റി പാർപ്പിക്കുന്നതിനുവേണ്ടിയുള്ള ബജറ്റ് നിർദ്ദേശം. ആരെയാണാവോ ഈ ചുമതല ഏൽപ്പിക്കുക?
ഇലക്ഷൻ കാലത്ത് ജെൻസികളെ കയ്യിലെടുക്കുന്നതിനുവേണ്ടി പ്രഖ്യപിച്ചതാണ് മോട്ടോർ വാഹനങ്ങളുടെ രൂപമാറ്റം ഏത് രൂപത്തിലും എപ്പോൾ വേണമെങ്കിലും നടത്താൻ അനുമതി നൽകുമെന്ന പ്രഖ്യാപനം. ഇതിനെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം പരാമർശിക്കുന്നില്ല. ശബരിമലക്ക് മാത്രം ആയിരക്കണക്കിന് കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി കഴിഞ്ഞ പത്ത് വർഷത്തെ ഗവൺമെന്റ് നൽകിയിരുന്നു. ആ സ്ഥാനത്താണ് 5 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപനം.
ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നതാണ് ധവളപത്രത്തിലെന്നപോലെ ബജറ്റിലേയും പ്രഖ്യാപനം. ചുരുക്കത്തിൽ നവലിബറൽ നയങ്ങളുടെ തിരിച്ചുവരവാണ് ഈ ബജറ്റിൽ കൂടി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതയാതനകളുടെ ഒരംശം പോലും ഈ ബജറ്റ് ഉൾക്കൊള്ളുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ കരിനിഴൽ വീഴ്‌ത്തുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഫെഡറൽ വിരുദ്ധ സമീപനങ്ങൾക്കെതിരെ ഒരു ദുർബല പ്രതികരണം പോലും നയപ്രഖ്യാപനത്തിലെന്ന പോലെ ഈ ബജറ്റിലും ഇല്ല. ഗവർണ്ണർ ഒരു സമാന്തര അധികാര കേന്ദ്രമായി മാറിക്കഴിഞ്ഞ സംസ്ഥാനത്ത്, ഉന്നത വിദ്യാഭ്യാസ മേഖല നാനാവിധമാക്കുന്ന ഗവർണ്ണറുടെ നടപടികളെ നിശബ്ദം നോക്കി നിൽക്കുകയാണ് ഗവൺമെന്റ്.
സംസ്ഥാനത്തിന്റെ വളർച്ചക്കുവേണ്ടി എൽഡിഎഫ് ഗവൺമെന്റ് അടിത്തറയിട്ട വികസന പദ്ധതികളും, ജനക്ഷേമ സാമൂഹ്യ സുരക്ഷാ പദ്ധതികളും രാഷ്‌ട്രീയ വിരോധം മൂലം തകർത്തിരിക്കുകയാണ് യുഡിഎഫ് ഗവൺമെന്റ്. അതിന്റെ പ്രഖ്യാപനമാണ് ഈ ബജറ്റ്. ശക്തമായ ബഹുജന പ്രക്ഷോഭം ഈ സമീപനത്തിനെതിരെ ഉയർന്നുവരുമെന്ന് ഉറപ്പാണ്. പുരോഗമനപരമായ നിരവധി പദ്ധതികളെ നിഷ്‌കരുണം തകർത്ത് കളയുന്ന ഈ സമീപനത്തിനെതിരെ ശക്തമായ പ്രതികരണത്തിന് വിവിധ ജനവിഭാഗങ്ങൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
Content Highlights: