

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും. സ്വര്‍ണം കവരാന്‍ കണ്ണൂരില്‍ നിന്നും സംഘം എത്തിയത് അര്‍ജുന്റെ നിര്‍ദേശ പ്രകാരമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം.
തെളിവുകള്‍ ലഭിച്ചാല്‍ അര്‍ജുനെ പ്രതി ചേര്‍ക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. നിലവില്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയത് എ ആര്‍ നഗര്‍ സ്വദേശിക്ക് വേണ്ടിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ക്കായി അന്വേഷണ സംഘം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെ വിമാനത്താവളത്തില്‍ എത്തിയ മഞ്ചേരി മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാന്‍ സാലിഹിനെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ സല്‍മാന്‍ സാലിഹായിരുന്നു സ്വര്‍ണം കൊണ്ടുവന്നതെന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഈ സ്വര്‍ണം പൊട്ടിക്കാന്‍ ലക്ഷ്യമിട്ടത് അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികളാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ ഉടമക്ക് സ്വര്‍ണം കൈമാറാതെ അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയായ അഭിജിത്ത് പറയുന്നയാള്‍ക്ക് സ്വര്‍ണം കൊടുക്കാന്‍ സല്‍മാന്‍ തീരുമാനിച്ചിരുന്നു.
അങ്ങനെ ചെയ്താല്‍ 40 ലക്ഷമാണ് സല്‍മാന് അഭിജിത് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ സല്‍മാന്‍ സ്വര്‍ണം അവര്‍ക്ക് നല്‍കിയില്ല. പകരം പരപ്പനങ്ങാടി സ്വദേശിയായ സാദിഖ് പറഞ്ഞ നിലമ്പൂര്‍ സ്വദേശി ഷബിക്ക് ആണ് സ്വര്‍ണം കൈമാറിയത്. എറണാകുളത്ത് മുറിയില്‍ വെച്ച് ട്രോളി ബാഗ് കുത്തിപ്പൊട്ടിച്ച് അതിനകത്തുള്ള സ്വര്‍ണം ഇവര്‍ പങ്കിട്ട് എടുക്കുകയായിരുന്നു. സല്‍മാനെയും സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമായിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാകാന്‍ കാരണമായിരിക്കുന്നത്.
Content Highlights: Investigators have widened the scope of the Karipur gold smuggling case, with the probe now focusing on possible links involving Arjun Ayanki