

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ വിമർശനമാണെന്നും കെ മുരളീധരൻ. വീണ് കിട്ടിയ ആയുധമായി പ്രതിപക്ഷം കാണുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ വിമർശനത്തെ രാഷ്ട്രീയമായി മാത്രമേ കാണുന്നുള്ളുവെന്നും പ്രതിപക്ഷ നേതാവിൻ്റെ വിമർശനത്തെക്കുറിച്ച് കെ മുരളീധരൻ പ്രതികരിച്ചു. പത്തു വർഷം ഭരിച്ചു പരാജയപ്പെട്ടവർ എല്ലാത്തിലും കുറ്റം കണ്ടെത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ മുരളീധരൻ എല്ലാ നിർദ്ദേശങ്ങളും കൊടുത്ത ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും വ്യക്തമാക്കി. റവന്യൂ മന്ത്രി ഇന്ന് കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും കെ മുരളീധരൻ അറിയിച്ചു.
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരു ആന്റിവൈറൽ മെഡിസിൻ മാത്രമാണ് എത്താൻ ഉള്ളതെന്നും ഇന്ന് വൈകുന്നേരത്തിന് മുൻപ് മരുന്ന് ഡൽഹിയിൽ നിന്ന് എത്തിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. നിപ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതുവരെ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റീവ് ആണെന്നും കെ മുരളീധരൻ അറിയിച്ചു.
ദേവസ്വത്തിൻ്റെ സ്പെഷ്യൽ പ്ലീഡറായി കെ ബി പ്രദീപിനെ നിയമിച്ചതുമായി ബന്ധപ്പെട്ട മുൻനിലപാടിൽ നിന്ന് കെ മുരളീധരൻ മലക്കം മറിഞ്ഞു. കാബിനറ്റാണ് സ്പെഷ്യൽ പ്ലീഡറെ നിയമിച്ചതെന്നായിരുന്നു കെ മുരളീധരൻ്റെ പുതിയ നിലപാട്. മുഖ്യമന്ത്രി നിയമിച്ചു എന്നായിരുന്നു ഇന്നലെ പറഞ്ഞത്. നിയമനത്തിൽ കൂട്ടുത്തരവാദിത്വമാണെന്നും കെ മുരളീധരൻ ഇന്ന് പ്രതികരിച്ചിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നുമായിരുന്നു കെ മുരളീധരൻ ഇന്നലെ പറഞ്ഞത്. താൻ വിഷയത്തിൽ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് മൂന്നു വർഷം പൂർത്തിയാക്കിയതിനാലെന്നും കെ മുരളീധരൻ വ്യക്തമാക്കി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നോട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നു പുതിയ ആൾക്ക് ചുമതല കൊടുക്കുകയാണ് ചെയ്തതെന്നും കെ മുരളീധരൻ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടർ ചില നടപടികൾ വകുപ്പുമായി ആലോചിക്കാതെ ചെയ്തു. ഈ രണ്ടു കാര്യങ്ങൾ കൊണ്ടാണ് മാറ്റിയതെന്നും ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ സിസ്റ്റത്തെ മാനിച്ചു പോകണമെന്നും നടപടി എന്ന് വേണമെങ്കിൽ വ്യാഖ്യാനിച്ച് കൊള്ളു എന്നും കെ മുരളീധരൻ പറഞ്ഞു.
Content Highlights: K Muraleedharan revised his position on the appointment of a special pleader and stated that the Kerala government had not failed in its efforts to prevent and control the Nipah virus outbreak. The remarks have sparked political discussion over the government's handling of the health crisis.