ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന LDF സർക്കാർ ബജറ്റ് പ്രഖ്യാപനം: നടപ്പാക്കില്ലെന്ന സൂചന നൽകി റോജി M ജോൺ

അവസാന ബജറ്റില്‍ എന്ത് വേണമെങ്കിലും പറഞ്ഞുപോകാല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം

ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന LDF സർക്കാർ ബജറ്റ് പ്രഖ്യാപനം: നടപ്പാക്കില്ലെന്ന സൂചന നൽകി റോജി M ജോൺ
dot image

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റിലെ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കില്ലെന്ന സൂചന നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. അവസാന ബജറ്റില്‍ എന്ത് വേണമെങ്കിലും പറഞ്ഞുപോകാമല്ലോ എന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരു സര്‍ക്കാരും ചെയ്യാത്ത ഗിമ്മിക്കാണ് ബജറ്റില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാണിച്ചതെന്നും അത് ധവളപത്രത്തോടെ വ്യക്തമായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുകളുണ്ട്. അത് യുഡിഎഫിന്റെ പ്രകടനപത്രികയില്‍ നമ്മള്‍ പറഞ്ഞിട്ടുണ്ട്. അതുമായി മുന്നോട്ട് പോകും', റോജി എം ജോണ്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ നല്‍കുമെന്ന യുഡിഎഫ് വാഗ്ദാനത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു.

ഈ അധ്യയന വര്‍ഷം തന്നെ ഈ തുക ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിന്റെ മുന്നൊരുക്കങ്ങള്‍ വകുപ്പുതലത്തില്‍ ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സര്‍വകലാശാലകളില്‍ കാവിവല്‍ക്കരണം അനുവദിക്കില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു.

സര്‍വകലാശാലകളില്‍ ചാന്‍സിലര്‍ ഇടപെടുന്ന രീതി തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അതിന് മുമ്പ് അങ്ങനൊരു കേട്ടുകേള്‍വി പോലും കേരളത്തിലുണ്ടായിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് അതിനുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയതെന്നും മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

Content Highlights: Minister Roji M. John has signaled that the proposal to provide free undergraduate education, announced in the previous LDF budget, is unlikely to be implemented

dot image
To advertise here,contact us
dot image