

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ പീഡനത്തിന് ഇരയാകുന്നതായി അമ്മൂമ്മ വിളിച്ച് പറഞ്ഞിട്ടും വേണ്ട ഇടപെടല്‍ നടത്താതിരുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ജീവനക്കാരനെതിരെ നടപടി. താല്‍ക്കാലിക ജീവനക്കാരനായ ആളെ പുറത്താക്കാനാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശം. ജീവനക്കാരനെ അടിയന്തരമായി നീക്കം ചെയ്യാന്‍ വനിതാ ശിശു വികസന ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ അമ്മൂമ്മ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ വേണ്ട ഇടപെടല്‍ നടത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒന്നര വയസുകാരന്‍ പീഡനത്തിന് ഇരയായ വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു.
കുഞ്ഞിന്റെ അമ്മൂമ്മ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അഖിലയുടെ അമ്മ റീനയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചത്. നിസ്സഹായാവസ്ഥ റീന ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാകും എന്നായിരുന്നു ഹെല്‍പ്പ്‌ലൈനില്‍ നിന്ന് അവര്‍ക്ക് ലഭിച്ച മറുപടി. ഡിസിപിയു തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. മെയ് മൂന്നിനാണ് റീന ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചത്. 26-ാം ദിവസമാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ രണ്ട് കൈകളിലും പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ടെന്നും കുഞ്ഞ് വണ്ടിയില്‍ നിന്ന് വീണു എന്നാണ് അഖില പറഞ്ഞതെന്നുമാണ് റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിളിച്ച് പറഞ്ഞത്. മകന്റെ ഭാര്യയ്ക്ക് സുഹൃത്ത് അയച്ചുകൊടുത്ത ഫോട്ടോയാണെന്നും അത് മകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് കണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. കുഞ്ഞ് വണ്ടിയില്‍ നിന്ന് വീണതാണെങ്കില്‍ ശരീരത്തില്‍ മറ്റ് ഭാഗത്ത് മുറിവുകളുണ്ടാകണം. എന്നാല്‍ ഫോട്ടോയില്‍ മറ്റെവിടെയും മുറിവ് കാണുന്നില്ല. ആ കുഞ്ഞിനെ മകളുടെ ഭര്‍ത്താവ് ഉപദ്രവിച്ചുവെന്നാണ് കരുതുന്നത് എന്ന് റീന പറഞ്ഞു. എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ട് എന്തിനാണ് നിങ്ങള്‍ കുഞ്ഞിനെ അവരുടെ കൂടെ വിട്ടത്, ഷെല്‍ട്ടറിലേക്ക് മാറ്റിക്കൂടായിരുന്നോ എന്നായിരുന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ തിരിച്ച് ചോദിച്ചത്. കുട്ടി വണ്ടിയില്‍ നിന്ന് വീണതാകും, നിങ്ങള്‍ മകളെ വിളിച്ച് ചോദിക്കാത്തത് എന്താണ് എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്.
മെയ് 29-നാണ് നെടുമങ്ങാട് ചോറ് കഴിക്കുന്നതിനിടെ ഛർദിച്ചുവെന്ന് പറഞ്ഞ് ഒന്നരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ കുഞ്ഞ് മരിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നു.
Content Highlights: Child Protection Unit employee to be fired for not intervening in Nedumangad child's grandmother's complaint