

ഗുവാഹത്തി: ഭൗമസൂചിക പദവി (GI Tag) ലഭിച്ച അസമിലെ പ്രശസ്തമായ 'തേസ്പൂർ ലിച്ചി' ചരിത്രത്തിലാദ്യമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അപെഡ (APEDA) എന്നറിയപ്പെടുന്ന കാർഷിക-സംസ്കരിച്ച ഭക്ഷ്യോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അസമിൽ നിന്ന് ദുബായിലേക്ക് ആദ്യത്തെ ലിച്ചി ലോഡുമായി വിമാനം പറന്നിറങ്ങിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാർഷിക ഉത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയൊരു നാഴികക്കല്ലാണ് ഇതെന്ന് അപെഡ അധികൃതർ അഭിപ്രായപ്പെട്ടു.
ആദ്യ ഘട്ടത്തിൽ ഒരു ടൺ ലിച്ചിയാണ് ദുബായിലേക്ക് അയച്ചിരിക്കുന്നത്. തദ്ദേശീയമായി വലിയ ഡിമാൻഡ് ഉള്ള ഉത്പന്നമായിരുന്നിട്ടും, കയറ്റുമതി വിപണിയിലേക്ക് ലിച്ചി നൽകിയതിലൂടെ കർഷകർക്ക് ആഭ്യന്തര വിപണിയേക്കാൾ ഏറെ ഉയർന്ന വിലയാണ് ലഭിച്ചത്. ഇത് അസമിലെ കർഷകരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തേസ്പൂർ എംഎൽഎ പൃഥ്വിരാജ് രവ, അസം കാർഷിക പ്രൊഡക്ഷൻ കമ്മീഷണർ അരുണ രാജോറിയ, അപെഡ ചെയർമാൻ അഭിഷേക് ദേവ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് കയറ്റുമതി ചടങ്ങ് നടന്നത്.
അസമിലെ കാർഷിക ഉത്പന്നങ്ങളിൽ ഏറ്റവും മികച്ച ഒന്നായാണ് തേസ്പൂർ ലിച്ചി കണക്കാക്കപ്പെടുന്നത്. മറ്റ് ലിച്ചികളെ അപേക്ഷിച്ച് തേസ്പൂർ ലിച്ചികൾക്ക് മധുരം വളരെ കൂടുതലാണ്. കടും ചുവപ്പ് നിറത്തിലുള്ള ഇവയുടെ പുറംതോട് കാണാനും ഏറെ ഭംഗിയുള്ളതാണ്. കൂടാതെ തനതായ സുഗന്ധവും മികച്ച രുചിയും ഇവയെ വേറിട്ടു നിർത്തുന്നു. ബൊംബായ, ബിലാത്തി, ഏലിച്ചി, പിയാജി, സാഹി എന്നിങ്ങനെ വൈവിധ്യമാർന്ന അഞ്ച് ഇനങ്ങളിലാണ് ഈ ലിച്ചികൾ പ്രധാനമായും കൃഷി ചെയ്യുന്നത്
തേസ്പൂരിലെ ലിച്ചി കൃഷിക്ക് കേവലം ഒരു വാണിജ്യ പ്രാധാന്യം മാത്രമല്ല, മറിച്ച് ഒരു നൂറ്റാണ്ടിലധികം നീളുന്ന സമ്പന്നമായ ചരിത്ര പാരമ്പര്യവുമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി അസമിലെ സോണിത്പൂർ ജില്ലയിലാണ് ഈ കൃഷി വ്യാപകമാകാൻ തുടങ്ങിയത്. ആധുനിക അസമീസ് സാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന അദ്ദേഹം ഒരു മികച്ച എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായ പത്മനാഥ് ഗൊഹെയ്ൻ ബറുവയാണ് അസമില്‍ ലിച്ചി കൃഷിക്ക് വിപ്ലവകരമായ തുടക്കം കുറിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബംഗാളിൽ നിന്നും മറ്റും മികച്ചയിനം ലിച്ചി തൈകൾ തേസ്പൂരിൽ എത്തിച്ച് തന്റെ വീട്ടുപറമ്പിൽ നട്ടുപിടിപ്പിച്ചത് അദ്ദേഹമാണ്. തേസ്പൂരിലെ മണ്ണും കാലാവസ്ഥയും ഈ പഴവർഗത്തിന് ഏറ്റവും അനുയോജ്യമാണെന്ന് അദ്ദേഹം തിരിച്ചറിയുകയും കർഷകരെ ഇത് കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ദീർഘവീക്ഷണമാണ് പിൽക്കാലത്ത് തേസ്പൂരിനെ ഒരു ലിച്ചി ഉത്പാദന കേന്ദ്രമാക്കി മാറ്റിയതും.
ഭൗമസൂചിക പദവി (GI Tag) ഉള്ളതിനാൽ അന്താരാഷ്ട്ര വിപണിയിൽ ഇതിനകം തന്നെ തേസ്പൂർ ലിച്ചിക്ക് വലിയ അംഗീകാരമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അളവിൽ ലിച്ചി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും അസമിലെ കർഷകരെ ആഗോള വിപണിയുടെ ഭാഗമാക്കാനും അപെഡ ലക്ഷ്യമിടുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകരെ സഹായിക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ, സർട്ടിഫിക്കേഷൻ സഹായങ്ങൾ, കർഷക കൂട്ടായ്മകൾക്ക് (FPO) പ്രത്യേക പരിശീലനം എന്നിവ അപെഡ നൽകി വരുന്നുണ്ട്. 1985-ലെ അപെഡ ആക്ട് പ്രകാരം സ്ഥാപിതമായ ഈ കേന്ദ്ര ഏജൻസി, ഇന്ത്യൻ കർഷകരെയും കയറ്റുമതിക്കാരെയും ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. ഈ വിജയകരമായ കയറ്റുമതി വരും വർഷങ്ങളിൽ കൂടുതൽ അളവിൽ അസമിൽ നിന്നുള്ള ഉത്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കാൻ വഴിയൊരുക്കും.
Content Highlights: A one-tonne consignment of litchis from India has arrived in Dubai, marking a significant milestone for farmers in Tezpur. The export is expected to open new international market opportunities, improve farmer incomes, and strengthen India's presence in the global fresh fruit trade.