

തിരുവനന്തപുരം: ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന തന്റെ പരാമര്‍ശത്തിനെതിരായ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. എംജി സര്‍വ്വകലാശാലയുടെ സ്വയംഭരണാധികാരത്തെക്കുറിച്ചും മതേതര മൂല്യങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ കാപട്യവും ചരിത്രവിസ്മൃതിയുമാണെന്ന് റോജി എം ജോണ്‍ പറഞ്ഞു. അധികാരത്തില്‍ നിന്നും പുറന്തളളപ്പെട്ടപ്പോള്‍ മാത്രം പെട്ടെന്നുണ്ടായ ഈ 'ഗാന്ധിഭക്തിയും' സംഘപരിവാര്‍ വിരോധവും കേവലം ഉപരിപ്ലവമായ രാഷ്ട്രീയ നാടകം മാത്രമാണെന്ന് കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹത്തിന് ബോധ്യമുണ്ടെന്നും ഒരു പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ ഭരണത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിട്ട അക്കാദമിക തകര്‍ച്ചയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവും മറച്ചുവെച്ചുകൊണ്ട് യുഡിഎഫിനെ വിമര്‍ശിക്കരുതെന്നും റോജി എം ജോണ്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ മറുപടി.
'ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍ അജണ്ടകളെ ചെറുത്തു എന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം ഭരണകാലത്തെ അവിശുദ്ധ ഒത്തുതീര്‍പ്പുകള്‍ വിസ്മരിക്കുകയാണ്. കേരള ചരിത്രത്തിലാദ്യമായി സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വരെ ചാന്‍സിലര്‍ അഥവാ ഗവര്‍ണര്‍ ഇടപെടുന്ന രീതി ആരംഭിച്ചത് ഇടത് സര്‍ക്കാരിന്റെ കാലത്താണ്. ഒരു സര്‍വകലാശാല വിസിയുടെ പുനര്‍നിയമനത്തിന് വേണ്ടി മൂന്നുവട്ടം ഗവര്‍ണര്‍ക്ക് കത്തയച്ചതും രാജ്ഭവനില്‍ നേരിട്ടെത്തി താങ്കള്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചതും ആ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ താങ്കള്‍ ആഗ്രഹിച്ചയാളെ വിസി ആയി ഗവര്‍ണര്‍ പുനര്‍നിയമിച്ചതും പിന്നീട് താങ്കളുടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള അഡ്ജസ്റ്റ്‌മെന്റ് പാളിയപ്പോള്‍ സംഗതികള്‍ പുറത്തുവന്നതും സുപ്രീംകോടതി ആ പുനര്‍നിയമനം റദ്ദ് ചെയ്തതും കേരളം മറന്നിട്ടില്ല. സര്‍വകലാശാല പദവികള്‍ക്കായി 'ഒന്ന് ഞങ്ങള്‍ക്ക്, ഒന്ന് നിങ്ങള്‍ക്ക്' എന്ന രീതിയില്‍ രാജ്ഭവന്റെ പടികള്‍ കയറിയിറങ്ങി താങ്കളും അന്നത്തെ വകുപ്പ് മന്ത്രിയും നടത്തിയ അധികാര വിലപേശലുകള്‍ ആരും മറന്നിട്ടില്ല. ആ സെറ്റില്‍മെന്റില്‍ അനര്‍ഹരെ പല സ്ഥാനങ്ങളിലും നിയമിച്ചിട്ടുണ്ട്': റോജി എം ജോണ്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലകളുടെ സിലബസില്‍ സംഘപരിവാര്‍ താത്വികരുടെ വര്‍ഗീയ ആശയങ്ങള്‍ ഔദ്യോഗികമായി തിരുകിക്കയറ്റാന്‍ അവസരമൊരുക്കിയത് ഇടത് സര്‍ക്കാരിന്റെ കാലത്താണെന്നും ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണറുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനയെ സമരത്തിന് വിട്ട് ശ്രദ്ധ തിരിക്കുന്നതും വര്‍ണറെ സന്ദര്‍ശിച്ച് ചായ കുടിച്ച് അന്നത്തെ മുഖ്യമന്ത്രി പിരിയുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ ബള്‍ബ് കെടുന്നത് പോലെ സമരം അവസാനിക്കുന്നതും കേരളം കുറേ കണ്ടതാണെന്നും റോജി എം ജോണ്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മതേതര ജനാധിപത്യ മൂല്യഹ്ങളെ നെഞ്ചേറ്റുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് കേരളത്തിലെ സര്‍വകലാശാലകളുടെ കാര്യത്തില്‍ സുതാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലകളെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് തരംതാഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് ശൈലിയല്ല, മറിച്ച് നിയമവിരുദ്ധമായ ഇടപെടലുകളെ പൂര്‍ണമായും ഭരണഘടനാപരമായി പ്രതിരോധിക്കുന്ന നയമാണ് ഈ സര്‍ക്കാരിന്റേതെന്നും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുളള ഏത് ശ്രമത്തെയും എന്ത് വിലകൊടുത്തും ഈ സര്‍ക്കാര്‍ ചെറുക്കുമെന്നും റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: roji m john reply to pinarayi vijayan criticism on mg university governor saffronisation