

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതില്‍ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്. എംജി സര്‍വകലാശാലയിലേക്ക് 19 സംഘപരിവാര്‍ വര്‍ഗീയ വിഷങ്ങളെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുമ്പോള്‍ നിശബ്ദമായിരുന്ന യുഡിഎഫിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ ഇനി നേരിട്ട് ബി അശോകിലൂടെ സംഘപരിവാരം ഭരിക്കുമെന്നാണ് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശിവപ്രസാദിന്റെ വിമര്‍ശനം.
'സംഘ പുത്രന്‍ നാടു ഭരിക്കുമ്പോള്‍ സംഘികള്‍ക്ക് ഇത് ഉത്സവകാലം'! എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശിവപ്രസാദിന്റെ വിമര്‍ശനം. 'ഗവര്‍ണറുടെ വാറോല അക്ഷരംപ്രതി സംഘപുത്രന്‍ ശ്രീ വി ഡി എം സതീശന്‍ നടപ്പിലാക്കി കൊടുത്തു. ഇനി ഒരു താമ്ര പത്രത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ബി അശോകും വി ഡി എം സതീശനും ചേര്‍ന്ന് സംഘപരിവാറിന് കാഴ്ചവെക്കും. 35 എംഎല്‍എമാരുമായി കേരളം ഭരിക്കുമെന്ന് സ്വപ്നം കണ്ട ബിജെപി ഇതാ മൂന്ന് എംഎല്‍എമാരുമായി കേരളം ഭരിക്കുന്നു. 21 എംഎല്‍എമാരുള്ള ലീഗിന് പിന്നാമ്പുറത്ത് വായി നോക്കി നില്‍ക്കാനാണ് വിധി. അതല്ലെങ്കില്‍ ഇതെല്ലാം ഞങ്ങളും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാണെന്ന് ലീഗ് തുറന്നു സമ്മതിക്കണം. ആരാണ് കേരളം ഭരിക്കുന്നത് കോണ്‍ഗ്രസോ അതോ ബിജെപിയോ?', ശിവപ്രസാദ് കുറിച്ചു.
ഭരണമാറ്റത്തിന് പിന്നാലെ വന്‍ അഴിച്ചുപണിയാണ് ഐഎഎസ് തലപ്പത്ത് നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ബി അശോകിനും എന്‍ പ്രശാന്തിനും പുതിയ ചുമതകള്‍ നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ബി അശോകിനെ നിയമിച്ചതെങ്കില്‍ കായിക വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായാണ് എന്‍ പ്രശാന്തിന് നിയമനം നല്‍കിയിരിക്കുന്നത്.
പ്രശാന്തിന് യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി അധിക ചുമതലയും നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കി. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായാണ് ദിവ്യ എസ് അയ്യരെ നിയമിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ നീക്കിയിട്ടുണ്ട്. ജെറോമിക് ജോര്‍ജാണ് പുതിയ വിഴിഞ്ഞം തുറമുഖം എംഡി.
Content Highlights: SFI State President M Shivaprasad has criticized the appointment of B Ashok as Principal Secretary of the Higher Education Department