വെറും ആറ് ദിവസം മാത്രം; യുഎഇയില്‍ സ്വർണവിലയില്‍ ഗ്രാമിന് കുറഞ്ഞത് 21 ദിർഹത്തോളം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയർന്ന നിരക്കിൽ തുടർന്ന സ്വർണ്ണവില പെട്ടെന്ന് കുറഞ്ഞത് വലിയ ആശ്വാസമാണ് നല്‍കുന്നത്

വെറും ആറ് ദിവസം മാത്രം; യുഎഇയില്‍ സ്വർണവിലയില്‍ ഗ്രാമിന്  കുറഞ്ഞത് 21 ദിർഹത്തോളം
അജ്മല്‍ എം കെ
3 min read|08 Jun 2026, 10:35 pm
dot image

ദുബായ്: ആഗോള വിപണിയിലെ വിലയിടിവിന് പിന്നാലെ ദുബായിലും സ്വർണ്ണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ദുബായിൽ സ്വർണ്ണവില താഴേക്ക് ഇറങ്ങിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയർന്ന നിരക്കിൽ തുടർന്ന സ്വർണ്ണവില പെട്ടെന്ന് കുറഞ്ഞത് യുഎഇയിലെ സാധാരണക്കാരായ ഉപഭോക്താക്കൾക്കും ആഭരണം വാങ്ങാൻ പദ്ധതിയിടുന്ന പ്രവാസികള്‍ക്കും വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.

പുതിയ നിരക്കുകൾ പ്രകാരം തിങ്കളാഴ്ച രാവിലെ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 519.75 ദിർഹമായി വില കുറഞ്ഞു. ഞായറാഴ്ച 521.75 ദിർഹം എന്ന നിരക്കിലായിരുന്നു വില്‍പ്പന. 22 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും ഗ്രാമിന് 483 ദിർഹത്തിൽ നിന്നും 481.25 ദിർഹത്തിലേക്ക് താഴ്ന്നിട്ടുണ്ട്. രണ്ടാം തിയതി രേഖപ്പെടുത്തിയ 24 കാരറ്റ് സ്വർണ്ണത്തിന് 542.50 ദിർഹവും 22 കാരറ്റിന് 502.25 ദിർഹവുമായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അവിടെനിന്നാണ് വെറും ആറ് ദിവസങ്ങൾക്കിപ്പുറം 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 22.75 ദിർഹവും 22 കാരറ്റിന് 21 ദിർഹവും കുറഞ്ഞിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ഇടിവാണ് ദുബായ് വിപണിയിലും പ്രതിഫലിക്കുന്നത്. ഇസ്രായേലും ഇറാനും തമ്മിൽ വീണ്ടും സൈനിക നീക്കങ്ങൾ ശക്തമായത് പശ്ചിമേഷ്യൻ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായതും, യു.എസ് സമ്പദ്‌വ്യവസ്ഥയിൽ നിന്നുള്ള ശക്തമായ തൊഴിൽ ഡാറ്റ പുറത്തുവന്നതുമാണ് സ്വർണ്ണത്തെ ബാധിച്ചത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ആഗോള വിപണിയിൽ സ്വർണ്ണവില 5 ശതമാനത്തോളം ഇടിഞ്ഞ് ഔൺസിന് 4,300 ഡോളർ നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണ്. വിപണിയിലെ ഈ തകർച്ച തുടരുകയാണെങ്കിൽ ആഗോള വിപണിയിലെ നിരക്ക് 4,100 ഡോളറിലേക്ക് താഴാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

യു എസ് ഡോളർ കൂടുതൽ കരുത്താർജ്ജിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർന്ന നിലവാരത്തിൽ തന്നെ ദീർഘകാലം തുടരുമെന്ന സൂചനകൾ നൽകുന്നതും നിലവിൽ സ്വർണ്ണത്തിന്റെ വില കുറയാന്‍ കാരണമാകുന്നുണ്ട്. കൂടാതെ ഹ്രസ്വകാലയളവിൽ ഇത്തരത്തിൽ വിൽപന സമ്മർദ്ദം ശക്തമാണെങ്കിലും, ആഗോളതലത്തിൽ ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള ദീർഘകാല ആവശ്യങ്ങൾ വിപണിക്ക് നേരിയ പിന്തുണ നൽകുന്നുമുണ്ട്. കഴിഞ്ഞ മാസം മാത്രം ചൈനീസ് സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് 10 ടൺ സ്വർണ്ണമാണ് കൂട്ടിച്ചേർത്തത്. ആഗോള വിപണിയിലെ ഇത്തരം പ്രതിഫലനങ്ങള്‍ വരും ദിവസങ്ങളിലും ദുബായ് വിപണിയിലെ സ്വർണ്ണ നിരക്കുകളെ സ്വാധീനിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Gold prices in the UAE have surged by 21 dirhams within just six days, reflecting strong momentum in international gold markets. The sharp increase has pushed local rates higher, affecting jewellery buyers and investors while highlighting continued demand for the precious metal amid global economic uncertainty.

dot image
To advertise here,contact us
dot image