

ഇംഫാല്‍: മണിപ്പൂരില്‍ വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ ഗ്രാമവാസികള്‍ക്ക് നേരെ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ വെടിയെറ്റ് മരിച്ചു. സംസ്ഥാനത്തെ കാങ്‌പോക്പി ജില്ലയിലാണ് സംഭവം. പുലര്‍ച്ചെ 6.40ഓടെ ഒമ്പതംഗ സംഘമാണ് പോങ്‌റിങ്‌ലോങ് പാര്‍ട്ട് - 1ല്‍ നിന്നും വിറക് ശേഖരിക്കാന്‍ പോയത്.
കുക്കി സായുധവിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. അഞ്ഞൂറ് മീറ്റര്‍ അകലെ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചുങ്ജാന്‍ഗ്ലങ് പാന്‍മേയ് എന്ന 58കാരനാണ് കൊല്ലപ്പെട്ടത്. നാഗ വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തിനെ കാണാതാകുമ്പോള്‍ വലത് കാലിന് വെടിയേറ്റിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ ഉച്ചയ്ക്ക് 1.30ക്കാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോയിന്റ് ബ്ലാക്കില്‍ വെടിയേറ്റ നിലയിലായിരുന്നു. പിന്നീട് ഇംഫാല്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ജില്ലയിലെ തുപുല്‍ ഗ്രാമത്തിന് മേലെയായുള്ള പ്രദേശമാണ് പോങ്‌റിങ്‌ലോങ് പാര്‍ട്ട് - 1. റോങ്‌മെയ് നാഗാ ഗ്രാമമായ ഇവിടെ 14 കുടുംബങ്ങളില്‍ ഉള്‍പ്പെട്ട 60പേരാണ് താമസിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോല്‍ ഖുള്ളര്‍ എന്ന ഗ്രാമത്തില്‍ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. തോക്കുധാരികളായ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ലെറ്റ്‌ഹോങ്ഗം ഹാക്കിപ് (34), അദ്ദേഹത്തിന്റെ ഭാര്യ ടിന്‍മാരി ഹാക്കിപ് (30) എന്നിവരും ജങ്മിന്‍ലാന്‍ ഹാക്കിപ് (34) എന്നയാളുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ അക്രമകാരികള്‍ പ്രദേശത്തെ ഏഴ് വീടുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ നാഗ സായുധ സംഘമാണെന്ന് കുക്കി വിഭാഗം ആരോപിച്ചിരുന്നു.
Content Highlights: A villager was killed after an attack on people who went to collect firewood in Manipur