

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. താനും സലിം കുമാറും തമ്മില്‍ തീവ്രമായൊരു ആത്മബന്ധമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ നാടിന്റെ അഭിമാനമായിരുന്നു സലിം കുമാറെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാളാണ് സലിം കുമാറെന്നും വി ഡി സതീശന്‍ പറഞ്ഞു.
'വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എന്റെ തെരഞ്ഞൈടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്', വി ഡി സതീശന്‍ പറഞ്ഞു.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണീരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടുത്ത കോണ്‍ഗ്രസുകാരനായിരുന്ന സലിം കുമാര്‍ 2001 മുതല്‍ പറവൂരില്‍ വി ഡി സതീശനായി പ്രചരണത്തിനിറങ്ങുമായിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷം വി ഡി സതീശന് വേണ്ടി കൊച്ചിയില്‍ വെച്ച് നടത്തിയ സ്വീകരണ പരിപാടിയാണ് സലിം കുമാര്‍ അവസാനമായി പങ്കെടുത്ത ഒരു പൊതുപരിപാടി. ചെറുപ്പകാലം മുതല്‍ തന്നെ കോണ്‍ഗ്രസ് നിലപാടുകളാണ് സലിം കുമാര്‍ സ്വീകരിച്ചുപോന്നത്.
ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം സ്ഥിരീകരിച്ചത്. 56 വയസായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ വെച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാര്‍ ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു.
Content Highlights: VD Satheesan has conveyed his condolences on the passing of Salim Kumar