എല്ലാക്കാലവും അഭിമാനമാണ് സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത്. അപ്പോ സലാമെടാ, കാണാം: ശ്രീജിത്ത് ദിവാകരൻ

'ഏഷ്യാനെറ്റിലെ അവതാരകർ എല്ലാം ഹാസ്യത്തിനിരയായി. ചിന്ത രവിയും ടിഎൻജിയും സലിമിലൂടെ ചിരിപ്പൂരങ്ങളായി. പിന്നെ സലിം തിരിഞ്ഞ് നോക്കിയിട്ടില്ല'

എല്ലാക്കാലവും അഭിമാനമാണ് സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത്. അപ്പോ സലാമെടാ, കാണാം: ശ്രീജിത്ത് ദിവാകരൻ
dot image

കൊച്ചി: 'എല്ലാക്കാലവും അഭിമാനമാണ് സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത് അപ്പോ സലാമെടാ. കാണാം.' സഹപാഠിയായിരുന്നു സലിം കുമാറിൻ്റെ വിയോ​ഗത്തിൽ വൈകാരിക കുറിപ്പുമായി മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ. മഹാരാജാസ് കോളേജിൽ ബി എ മലയാളം ക്ലാസിൽ ഒരുമിച്ചുണ്ടായിരുന്നു സലിം കുമാർ കലാജീവിതത്തിൽ നേട്ടങ്ങളുടെ നെറുകയിലേയ്ക്ക് എത്തിയതിൻ്റെ നാൾവഴികൂടി ശ്രീജിത്ത് ദിവാകരൻ തൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

'ഒരു കാലം ഒരുമിച്ചായിരുന്നു. തൊണ്ണൂറുകളുടെ ആദ്യ പകുതി. മഹാരാജാസ് കോളേജ്. ബി. എ മലയാളം ക്ലാസ് . ക്ലാസിലെ സ്ഥിരം അസാന്നിധ്യമായിരുന്നു ഞങ്ങൾ. ആർട്ടിസ്റ്റായ സലിമും മാഗസിൻ എഡിറ്റർ / യു.യു.സിയായിരുന്ന ശ്രീജിത്തും. അധ്യാപകരിൽ പ്രധാനിയായിരുന്ന പ്രൊഫ.സി.ആർ ഓമനക്കുട്ടൻ എന്ന സി.ആർ ആയിരുന്നു ഞങ്ങളുടെ രണ്ട് പേരുടേയും ആശ്രയം. ക്ലാസില്ലാത്ത മണിക്കൂറുകളിൽ ഞങ്ങൾ ക്ലാസിൽ ഒത്തുകൂടിയിരുന്ന് വർത്തമാനം പറഞ്ഞു. നല്ല മൂഢാണെങ്കിൽ സലിം ഒരു ബീഡി നൽകും. പറവൂരിലേയും മാല്യങ്കരയിലേയും ഇടയ്ക്കിടെ ചെയ്യുന്ന ജോലികളുടെയും കഥ പറയും. ചിരികൾക്കിടയിൽ ജീവിത പ്രാരാബ്ധങ്ങൾ മുഴച്ച് നിൽക്കും. സിറാജും വാസുവും വിഷ്ണുവും ഉണ്ടാകും ആ ചിരികൾക്കിടയിൽ . കെഎസ്‌യുക്കാരനായിരുന്നുവെങ്കിലും ഞങ്ങൾ എസ്എഫ്ഐക്കാരുടെ സ്വന്തമായിരുന്നു അക്കാലത്ത് സലിം' എന്നായിരുന്നു സലിം കുമാറിനൊപ്പമുള്ള കോളേജ് ജീവിതത്തെ ശ്രീജിത്ത് ദിവാകരൻ അനുസ്മരിച്ചിരിക്കുന്നത്.

പിന്നീട് മലയാളിയുടെ ചിരിയരങ്ങിനെ സലിം കുമാർ സമ്പന്നമാക്കിയ തുടക്ക കാലവും ശ്രീജിത്ത് ദിവാകരൻ അനുസ്മരിക്കുന്നുണ്ട്. 'ഏഷ്യാനെറ്റിൽ ദിലീപ് അവതരിപ്പിച്ചിരുന്ന കോമിക്കോളയോ മറ്റോ സലിം ഏറ്റെടുക്കുമ്പോഴാണ് ചിരിയുടെ സ്കെയ്ൽ മാറുന്നത്. ഏഷ്യാനെറ്റിലെ അവതാരകർ എല്ലാം ഹാസ്യത്തിനിരയായി. ചിന്ത രവിയും ടിഎൻജിയും സലിമിലൂടെ ചിരിപ്പൂരങ്ങളായി. പിന്നെ സലിം തിരിഞ്ഞ് നോക്കിയിട്ടില്ല. സലിം കുമാർ മലയാള സിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായി' എന്നാണ് ആ കാലഘട്ടത്തെക്കുറിച്ച് ശ്രീജിത്ത് ദിവാകരൻ പറഞ്ഞിരിക്കുന്നത്.

കോളേജിൽ നിന്ന് പിരിഞ്ഞ സഹപാഠിയെ അദ്ദേഹത്തിൻ്റെ നേട്ടത്തിൻ്റെ നെറുകയിൽ നിൽക്കുമ്പോൾ പിന്നീട് ആദ്യമായി കണ്ട അനുഭവവും ശ്രീജിത്ത് ദിവാകൻ പങ്കുവെയ്ക്കുന്നുണ്ട്. 'കോളേജ് കാലത്തിന് ശേഷം പല തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യം കാണുന്നത് ഡൽഹിയിലെ കേരള ഹൗസിൽ നിന്നാണ്. അന്ന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ മഹാനടന് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാൻ എത്തിയതാണ് സലിം. പഴയ മാഗസിൻ എഡിറ്റർ അപ്പോൾ യൂണിയൻ്റെ ഡൽഹി സെക്രട്ടറിയാണ്. പഴയ മിമിക്രി ആർട്ടിസ്റ്റ്, ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ. ഇത്രയും സന്തോഷത്തോടെ ഒരു ചടങ്ങിൽ സംസാരിച്ചിട്ടില്ലെ'ന്നും ശ്രീജിത്ത് ദിവാകരൻ ഓർമ്മിക്കുന്നു.

'പിണക്കം തോന്നിയ പല കാര്യങ്ങളുമുണ്ട്. ഇവനിതെന്തിൻ്റെ പാടാണ് എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ എല്ലാക്കാലവും അഭിമാനമാണ്, സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നു എന്നത് . അപ്പോ സലാമെടാ. കാണാം. പഴയ കോളേജ് പടങ്ങൾ തപ്പിയെടുക്കാൻ മടിയാകുന്നു. ഇത് നല്ല പടമാണ്' എന്ന് പറഞ്ഞാണ് ശ്രീജിത്ത് ദിവാകരൻ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Journalist and screenwriter Sreejith Divakaran shares a touching memory of pride in being the classmate of Salim. A nostalgic and emotional post celebrating old school bonds and lifelong respect. 'It's always a pride to have been Salim's classmate'.

dot image
To advertise here,contact us
dot image