'വെള്ളാപ്പള്ളിയോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്‌നങ്ങളോ ഇല്ല; സാമുദായിക നേതാക്കൾ പ്രധാനപ്പെട്ടയാളുകൾ'

വാര്‍ത്താസമ്മേളനത്തില്‍ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും ടി സിദ്ദിഖ് പ്രതികരിച്ചു

'വെള്ളാപ്പള്ളിയോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്‌നങ്ങളോ ഇല്ല; സാമുദായിക നേതാക്കൾ പ്രധാനപ്പെട്ടയാളുകൾ'
dot image

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്‌നങ്ങളോ ഇല്ലെന്ന് മന്ത്രി ടി സിദ്ദിഖ്. വര്‍ഗീയതയോടും വിഭാഗീയതയോടും ഐക്യപ്പെട്ട് പോകില്ലെന്ന് പലകുറി മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ ആരെങ്കിലും വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോകുന്നതില്‍ തെറ്റുപറയാനാകില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.

'സാമുദായിക നേതാക്കള്‍ പ്രധാനപ്പെട്ടയാളുകളാണ്. സാമുദായിക സൗഹൃദമാണ് നമ്മുടെ സമ്പത്ത്. ആ സൗഹൃദം കാത്തുസൂക്ഷിച്ചുപോകുന്നതില്‍ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ഈ മണ്ണ് ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കുമായി നിലനിര്‍ത്തുക. അതില്‍ വിട്ടുവീഴ്ചയില്ല. ആ സമീപനം ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് മുന്നോട്ടുപോകും', ടി സിദ്ദിഖ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും ടി സിദ്ദിഖ് പ്രതികരിച്ചു. ഒരു വിവാദത്തിലേക്കും ഇല്ലെന്നും മുന്‍ കൃഷി മന്ത്രിയുടെ കൂടെയും പത്രസമ്മേളനത്തിലും ശ്രീറാം വെങ്കിട്ടരാമന്‍ ഇരുന്നിട്ടുണ്ടെന്നും സിദ്ദിഖ് വിശദീകരിച്ചു. ഉദ്യോഗസ്ഥര്‍ കൃഷി വകുപ്പിന്റെ അവിഭാജ്യഘടകമാണ്. അപശബ്ദത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ കൃഷി മന്ത്രിയുടെ കൂടെയും പത്രസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമന്‍ ഇരുന്നിട്ടുണ്ട്. ഇന്നലത്തെ പരിപാടിയിലും ഉണ്ടായിരുന്നു. അദ്ദേഹം മറ്റൊരു വകുപ്പിലേക്ക് പോയാലും അദ്ദേഹത്തിന്റെ ജോലിയുമായി പോകേണ്ടി വരുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

Also Read:

കഴിഞ്ഞ ദിവസം ടി സിദ്ദിഖ് വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും എത്തിയത്. എന്നാല്‍ 'കെഎം ബഷീറിന്റെ കൊലയാളി'യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു. പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങി.

വിഷയം പൂര്‍ത്തീകരിച്ചശേഷം സംസാരിക്കാമെന്ന് പറഞ്ഞ് മന്ത്രി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ സഹകരിക്കാന്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് താന്‍ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമന്‍ ഇറങ്ങുകയായിരുന്നു. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാര്‍ത്താസമ്മേളനം.

Content Highlights: No personal issues with vellappally natesan said t siddique

dot image
To advertise here,contact us
dot image