'ആർഎസ്എസും അവർ അംഗീകരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയവും ഒഴിച്ച് മറ്റൊന്നും ഇവിടെ ഉണ്ടാവരുതെന്നാണ് ഗവർണർ നിലപാട്'

അരാഷ്ട്രീയ ഉപദേശവും മറുകൈ കൊണ്ട് കാവിക്കൊടി കെട്ടലും ഒരുമിച്ച് ഇങ്ങോട്ട് വേണ്ടെന്നാണ് രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറോട് പറയാനുള്ളതെന്ന് സഞ്ജീവ്

'ആർഎസ്എസും അവർ അംഗീകരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയവും ഒഴിച്ച് മറ്റൊന്നും ഇവിടെ ഉണ്ടാവരുതെന്നാണ് ഗവർണർ നിലപാട്'
dot image

കണ്ണൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ആര്‍എസ്എസും അവര്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയവും ഒഴിച്ച് മറ്റൊന്നും ഇവിടങ്ങളില്‍ ഉണ്ടാവരുതെന്നാണ് ഗവര്‍ണറുടെ നിലപാടെന്ന് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജീവിന്റെ പ്രതികരണം.

'കഴിഞ്ഞ ആഴ്ച കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എത്തിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തിന്റെ പൊരുള്‍ ഇങ്ങനെയായിരുന്നു- 'നമ്മുടെ സര്‍വകലാശാലകളില്‍ രാഷ്ട്രീയം വളരെ കൂടുതലാണ്, അത് നമുക്ക് ഒഴിവാക്കണം. അങ്ങനെ രാഷ്ട്രീയമില്ലാത്ത സര്‍വകലാശാലകളെ നമുക്ക് സൃഷ്ടിച്ചെടുക്കാന്‍ കഴിയണം. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തണം'. ഇത് കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ എം ജി സര്‍വകലാശാലയുടെ വിസി ആയി ഒരു ആര്‍എസുഎസുകാരന്‍ വരുന്നു, സെനറ്റില്‍ ആകെയുള്ള 31ല്‍ 19 പേരും ആര്‍എസ്എസുകാരെ നിയമിക്കുന്നു. സംഭവം ഇത്രയേ ഉള്ളൂ ആര്‍എസ്എസും അവര്‍ ഇപ്പോള്‍ അംഗീകരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയവും ഒഴിച്ചേ മറ്റൊന്നും ഇവിടങ്ങളില്‍ ഉണ്ടാവരുത് എന്നതാണ് ഇദ്ദേഹത്തിന്റെ നിലപാട്', പി എസ് സഞ്ജീവ് പറഞ്ഞു.

അരാഷ്ട്രീയ ഉപദേശവും മറുകൈ കൊണ്ട് കാവിക്കൊടി കെട്ടലും ഒരുമിച്ച് ഇങ്ങോട്ട് വേണ്ടെന്നാണ് രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറോട് പറയാനുള്ളതെന്ന് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ പദവിയില്‍ ഇരിക്കുന്നു എന്ന് കരുതി നിങ്ങള്‍ വിശുദ്ധന്‍ ഒന്നും ആകുന്നില്ലെന്നും അടിസ്ഥാനപരമായി നിങ്ങള്‍ ഇന്ത്യയിലെ കൂട്ടക്കൊലകള്‍ക്കും കലാപങ്ങള്‍ക്കും നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണെന്നും സഞ്ജീവ് പറഞ്ഞു.

'ബഹുമന്ത്രി റോജി എം ജോണിനും കോണ്‍ഗ്രസിനും ഒക്കെ നിങ്ങളെ പേടിയായിരിക്കും. പക്ഷെ ഒന്ന് പറയട്ടെ ആര്‍ലേക്കര്‍ സാറെ… ഞങ്ങള്‍ നിങ്ങളുടെ പദ്ധതിയെ പൊളിച്ചടുക്കും. എത്ര പോരാടിയിട്ടാണെങ്കിലും നിങ്ങള്‍ക്ക് വിട്ടു തരില്ല കേരളത്തെ. ജീവന്‍ കൊടുത്തും സംരക്ഷിക്കും', പി എസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

എംജി സര്‍വകലാശാലയിലെ സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത മുഴുവന്‍ പേരും ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരാണ്. 30 അംഗ സെനറ്റില്‍ 19 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ പുറത്തിറക്കിയത്. ഇതില്‍ എല്ലാവരും സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശങ്കരരാമന്‍, എബിവിപി പ്രവര്‍ത്തക എസ് മേഘ തുടങ്ങിയവരെയാണ് ഗവര്‍ണര്‍ നാമനിർദ്ദേശം ചെയ്തത്. ബിജെപി അധ്യാപക സംഘടനാ നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: P S Sanjeev has criticized Rajendra Arlekar over recent developments

dot image
To advertise here,contact us
dot image