

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തവരാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താന്‍ ഇച്ഛാശക്തി കാണിക്കേണ്ട സര്‍ക്കാര്‍ കൈമലര്‍ത്തുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വന്യജീവി ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് വാഗ്ദാനം നല്‍കിയവര്‍ ഇപ്പോള്‍ മലക്കം മറിയുമ്പോള്‍ പ്രശ്‌നബാധിതര്‍ തീര്‍ത്തും അരക്ഷിതരാണ്. മനുഷ്യ - വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി സമഗ്ര കര്‍മ്മ പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നത്. ആ പദ്ധതികള്‍ പകര്‍ത്തി പുതിയ മട്ടില്‍ അവതരിപ്പിച്ചതല്ലാതെ നൂതനമായ യാതൊരു പരിഹാരമാര്‍ഗവും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നില്ല. പ്രതിബദ്ധതയോടെയും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തില്‍ ഇടപെട്ട് സംഘര്‍ഷം വലിയ തോതില്‍ ലഘൂകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചിരുന്നു. അന്ന് കുറ്റം മുഴുവന്‍ സംസ്ഥാന സര്‍ക്കാരില്‍ ചാര്‍ത്താന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പുതിയ പ്രതിവിധികള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പുന്നത്', പിണറായി വിജയന്‍ പറഞ്ഞു.
വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് 1972ല്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ അധികാരത്തിലായിരുന്ന ഈ വിഷയം കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയതും അക്കാലത്താണ്.
ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം പാര്‍ലമെന്റ് പാസാക്കിയ ഈ നിയമത്തിലെ 11(1) എ വകുപ്പും, അതുപ്രകാരമുള്ള കര്‍ശന നിയന്ത്രണങ്ങളുമാണ് നമ്മുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിയമം പാസാക്കിയ കോണ്‍ഗ്രസും, അതില്‍ കാലാനുസൃതമായ ഭേദഗതികള്‍ വരുത്താന്‍ തയ്യാറാവാത്ത ബിജെപിയും ഈ വിഷയത്തില്‍ ഒരുപോലെ കുറ്റക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ഫെഡറല്‍ വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വനമേഖലയിലെ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കാനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും വനം ഭേദഗതി ബില്ലും കഴിഞ്ഞ സര്‍ക്കാര്‍ പാസാക്കിയത്. എന്നാല്‍ ഗവര്‍ണര്‍ ഈ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയും ഒടുവില്‍ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. കേന്ദ്ര നിയമങ്ങള്‍ പ്രതിബന്ധമാണെന്ന വനം മന്ത്രിയുടെ മുന്‍കൂര്‍ ജാമ്യം യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. മലയോര ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന ഈ ഘട്ടത്തില്‍ നാല് മനുഷ്യജീവനുകളാണ് നഷ്ടമായത്. ഇത് സര്‍ക്കാര്‍ അനാസ്ഥയുടെ വിലയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ജനങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തിക്കൊണ്ട് വന്യജീവി വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകണം', പിണറായി വിജയന്‍ പറഞ്ഞു.
Content Highlights: Pinarayi Vijayan has strongly criticized Forest Minister Shibu Baby John over remarks that addressing the issue of wildlife attacks may take up to two years. He described the stance as irresponsible.