ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: വിനോദിനി ബാലകൃഷ്ണൻ

ആ നേതാവ് പിണറായി വിജയന്‍ അല്ലെന്നും അദ്ദേഹം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അപ്പോള്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണെന്നും വിനോദിനി

ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: വിനോദിനി ബാലകൃഷ്ണൻ
dot image

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മുനവെച്ച വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നാണ് വിമര്‍ശനം. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല. ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

'പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോ? പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി-ശുപാര്‍ശയ്‌ക്കൊന്നുമല്ല-പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലുവര്‍ഷത്തിനിടയില്‍ എനിക്കുണ്ടായ അനുഭവം ആണ് ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്', 'പച്ചക്കുതിര' മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ആ നേതാവ് പിണറായി വിജയന്‍ അല്ലെന്നും അദ്ദേഹം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും അപ്പോള്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുകയും ചെയ്യുന്ന ആളാണെന്നും വിനോദിനി വിശദീകരിച്ചു. താന്‍ ഉദ്ദേശിച്ചത് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കേരളത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെക്കുറിച്ചാണ്. കോടിയേരിയുടെ മരണത്തിന് ശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനപ്പുറം അദ്ദേഹം ഒരിക്കലും തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ഇക്കാലത്തിനിടയില്‍ വല്ലപ്പോഴും താന്‍ അങ്ങോട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

'ഞാന്‍ പാര്‍ട്ടിയുടെ ആളായിത്തന്നെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്നുവെച്ച് എനിക്ക് തോന്നുന്ന ശരികളൊന്നും ചെയ്യാതെ മിണ്ടാതിരിക്കാനും കഴിയില്ല. അനാവശ്യമായ വിധേയത്വം എനിക്കില്ല', വിനോദിന് ബാലകൃഷ്ണന്‍ പറഞ്ഞു. ഈ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യമൊന്നും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഇല്ല എന്നാണല്ലോ പൊതുധാരണയെന്ന ചോദ്യത്തോട്, 'പറയാന്‍ പറ്റുന്നതും പറയേണ്ടതുമായ കാര്യങ്ങള്‍ വ്യക്തികള്‍ക്ക് ഏതുവേദിയിലും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. രാഷ്ട്രീയപാര്‍ട്ടിയുടെ മാത്രമല്ല, ഏത് രംഗത്തും അത് സാധ്യമാവണം. ഒന്നും പറയാനാകാതെ എല്ലാം കേട്ടുകൊണ്ടിരിക്കുക എന്നത് ആജീവനാന്തം സാധ്യമാവുന്ന കാര്യമല്ല എന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Content Highlights: Vinodini Kodiyeri has reportedly made pointed criticism against CPI(M) State Secretary MV Govindan

dot image
To advertise here,contact us
dot image