സ്വർണം വാങ്ങുന്നത് നിർത്തി ഗോൾഡ്മാൻ ഓഫ് ബിഹാർ: വേണമെങ്കില്‍ തന്‍റെ 11 കോടിയുടെ സ്വർണം രാജ്യത്തിന് ദാനം ചെയ്യാം

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്വർണത്തിന്റെ അമിത ഇറക്കുമതി വലിയൊരു വെല്ലുവിളിയാണ്

സ്വർണം വാങ്ങുന്നത് നിർത്തി ഗോൾഡ്മാൻ ഓഫ് ബിഹാർ: വേണമെങ്കില്‍ തന്‍റെ 11 കോടിയുടെ സ്വർണം രാജ്യത്തിന് ദാനം ചെയ്യാം
അജ്മല്‍ എം കെ
3 min read|05 Jun 2026, 08:31 am
dot image

കഴുത്ത് നിറയെ സ്വർണമാലകൾ, കൈകളിൽ തടിച്ച ബ്രേസ്‌ലെറ്റുകൾ, വിരലുകളിലെല്ലാം തിളങ്ങുന്ന മോതിരങ്ങൾ… ബിഹാറിലെ ഭോജ്പൂർ ജില്ലക്കാരനായ പ്രേം സിംഗിനെ ആരും ഒന്നു നോക്കിനിന്നുപോകും. 'ഗോൾഡ്മാൻ ഓഫ് ബിഹാർ' എന്നറിയപ്പെടുന്ന പ്രേം സിംഗ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും വീണ്ടും ചർച്ചയാകുകയാണ്. പക്ഷേ, ഇത്തവണത്തെ ചർച്ചാ വിഷയം സ്വർണം വാങ്ങിക്കൂട്ടുന്നതല്ലെന്നതാണ് ശ്രദ്ധേയം. മറിച്ച് രാജ്യം ആവശ്യപ്പെട്ടാൽ തന്റെ ശരീരത്തിലുള്ള കോടികളുടെ സ്വർണം മുഴുവൻ ദാനം ചെയ്യാൻ തയാറാണെന്ന് പ്രഖ്യാപിച്ചതിലൂടെയാണ് അദ്ദേഹം വൈറലായി മാറിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും സ്വർണത്തിന്റെ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളുമാണ് പ്രേം സിംഗിനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഇനി പുതിയ സ്വർണം വാങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭോജ്പൂർ ജില്ലയിലെ ബിഹിയ സ്വദേശിയായ പ്രേം സിംഗ് ദിവസവും ധരിക്കുന്നത് ചെറിയ അളവിലുള്ള സ്വർണമൊന്നും അല്ല. 6 കിലോ 300 ഗ്രാം സ്വർണമാണ് എപ്പോഴും അദ്ദേഹം ധരിച്ചുകൊണ്ട് നടക്കുന്നത്. ഇന്നത്തെ മാർക്കറ്റ് വില വെച്ച് നോക്കിയാൽ ഇതിന് 11 കോടി രൂപയിലധികം മൂല്യമുണ്ട്.

കഴുത്തിൽ കിടക്കുന്നത് ഒന്നിന് പുറകെ ഒന്നായി 38 സ്വർണ്ണ മാലകൾ, 3 വലിയ ബ്രേസ്‌ലെറ്റുകൾ, നിരവധി മോതിരങ്ങള്‍, ഇതിനെല്ലാ പുറമെ 'ഗോൾഡ് മാൻ ഓഫ് ബിഹാർ' എന്ന് എഴുതി വെച്ചിട്ടുള്ള പ്രത്യേക സ്വർണ്ണപ്പതക്കവും അദ്ദഹത്തിനുണ്ട്്. "രാവിലെ ഇതെല്ലാം എടുത്ത് അണിയാൻ മാത്രം ഒരു മണിക്കൂറിലധികം വേണം. രാത്രി വീട്ടിലെത്തി ഇതെല്ലാം ഊരിവെക്കാനും അതേ സമയം തന്നെ വേണം!" - പ്രേം സിംഗ് ചിരിയോടെ പറയുന്നു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്വർണത്തിന്റെ അമിത ഇറക്കുമതി വലിയൊരു വെല്ലുവിളിയാണ്. വിദേശനാണ്യ കരുതൽ ശേഖരം ചോരുന്നതും കറന്റ് അക്കൗണ്ട് കമ്മി കൂടുന്നതും തടയാൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ അടുത്തിടെ വർധനവ് വരുത്തിയിരുന്നു. സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് പ്രേം സിംഗ് തന്റെ സ്വർണ ശേഖരം വേണമെങ്കില്‍ രാജ്യത്തിന് ദാനം ചെയ്യാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. "രാജ്യത്തേക്കാൾ വലുതല്ല എനിക്ക് മറ്റൊന്നും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയോ രാജ്യത്തിന്റെ ആവശ്യത്തിനായി ആവശ്യപ്പെടുകയാണെങ്കിൽ ഒട്ടും മടിക്കാതെ എന്റെ ശരീരത്തിലുള്ള മുഴുവൻ സ്വർണവും ഞാൻ ദാനം ചെയ്യും," പ്രേം സിംഗ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളെല്ലാം ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് നിർത്തിയാൽ അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയൊരു ബൂസ്റ്റാകുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ഏതാണ്ട് 17 വർഷം മുൻപാണ് പ്രേം സിംഗ് സ്വർണം വാങ്ങിത്തുടങ്ങിയത്. അന്ന് ഇന്നത്തെപ്പോലെ വില ഇത്ര ഉയർന്നിട്ടുണ്ടായിരുന്നില്ല. പണം കിട്ടുമ്പോഴൊക്കെ സ്വർണം വാങ്ങി ഒടുവിൽ അതൊരു ശീലമായി മാറി. മുൻപ് ബിഹാറിലെ ക്രമസമാധാന നില മോശമായിരുന്ന സമയത്ത് ഇതൊക്കെ ധരിച്ച് പുറത്തിറങ്ങാൻ പേടിയായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞെന്നും ജനങ്ങൾക്ക് സുരക്ഷിതത്വബോധം വന്നതോടെയാണ് താൻ സ്വർണമണിഞ്ഞ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

Content Highlights: The man popularly known as the ‘Goldman of Bihar’ has reportedly stopped purchasing gold despite owning a collection valued at around ₹11 crore. His extensive gold holdings have made him a well-known figure, and his decision has drawn attention among those who follow stories related to wealth, luxury, and precious metals.

dot image
To advertise here,contact us
dot image