ഇ ഡി സംഘത്തിനെതിരായ ആക്രമണം: കുറ്റപത്രം വേ​ഗത്തിലാക്കാൻ പൊലീസ്

ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം

ഇ ഡി സംഘത്തിനെതിരായ ആക്രമണം: കുറ്റപത്രം വേ​ഗത്തിലാക്കാൻ പൊലീസ്
dot image

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം അതിവേഗം സമർപ്പിക്കാൻ പൊലീസ്. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. റിമാൻഡ് പൂർത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൻ്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറും. 10 പ്രതികളോളം ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വിജയ് വിമൽ ഇന്നലെ പിടിയിലായിരുന്നു. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അഞ്ചുതെങ്ങ്‌ ഗ്രാമ പഞ്ചായത്ത് അം​ഗം കൂടിയാണ് വിജയ് വിമൽ. കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.

അറസ്റ്റിലായ വിജയ് വിമൽ സംഘർത്തിൽ പങ്കാളിയായിരുന്നില്ലെന്നാണ് എസ്എഫ്ഐ നിലപാട്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി നേരത്തെ നീരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.

ആക്രമിക്കപ്പെട്ട വാഹനം പൊതുമുതൽ തന്നെയാണ്. പൊതുമുതൽ നശിപ്പിച്ചില്ലെന്ന വാദം നിലനിൽക്കില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉദ്യോഗസ്ഥർക്ക് ഭീതിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും സമൂഹത്തെ നേരിട്ട് ബാധിക്കുന്ന അപൂർവമായ സംഭവമാണിതെന്നും കോടതി വിലയിരുത്തിയിരുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ആദ്യഘട്ടത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്. നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Content Highlight : Police to Expedite Filing of Charge Sheet in Case of Attack on ED Officials After Raid at Pinarayi Vijayan’s Thiruvananthapuram Residence

dot image
To advertise here,contact us
dot image