സമോസ കഴിക്കാനുള്ള ആഗ്രഹത്തില്‍ തുടങ്ങിയ ബിസിനസ്;ഇന്ന് 20,000 കോടിയുടെ സാമ്രാജ്യമുള്ള റിസ്വാന്‍ സജന്‍

അദ്ദേഹത്തിന്റെ കുടുംബം നെറ്റ്ഫ്‌ലിക്‌സിലെ ദുബായ് ബ്‌ളിങ് എന്ന റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകം അദ്ദേഹത്തിന്റെ ജീവിതം അടുത്തറിഞ്ഞത്

സമോസ കഴിക്കാനുള്ള ആഗ്രഹത്തില്‍ തുടങ്ങിയ ബിസിനസ്;ഇന്ന് 20,000 കോടിയുടെ സാമ്രാജ്യമുള്ള റിസ്വാന്‍ സജന്‍
dot image

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ നേടിയ പേരാണ് റിസ്വാന്‍ സജന്‍. അദ്ദേഹത്തിന്റെ കുടുംബം നെറ്റ്ഫ്‌ലിക്‌സിലെ ദുബായ് ബ്‌ളിങ് എന്ന റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകം അദ്ദേഹത്തിന്റെ ജീവിതം അടുത്തറിഞ്ഞത്.

ഏകദേശം 20,000 കോടി രൂപയുടെ ആസ്തിയുള്ള റിസ്‌വാന്റെ ആഢംബര ജീവിതമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏകദേശം 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൊട്ടാരമാണ് അദ്ദേഹത്തിന് ദുബായിലുള്ളത്. സ്വകാര്യ സ്വിമ്മിംഗ് പൂള്‍, ഭീമന്‍ ജലധാരകള്‍, മെര്‍മെയ്ഡുകളെപ്പോലെ വേഷം ധരിച്ച കലാകാരികള്‍ എന്നിവയാല്‍ സമ്പന്നമാണ് കൊട്ടാരം. എന്നാല്‍ ഇപ്പോഴത്തെ ഈ ആഡംബര ജീവിതത്തിന് പിന്നില്‍ വളരെ ലളിതമായ ഒരു കഥയുണ്ട്.

14-ാം വയസ്സില്‍ ആദ്യ ബിസിനസ്

മുംബൈയിലെ ഗഢ്‌കോപര്‍ പ്രദേശത്തെ ഒരു സാധാരണ മിഡില്‍ ക്ലാസ് കുടുംബത്തിലാണ് റിസ്വാന്‍ വളര്‍ന്നത്. ഓരോ രൂപയുടെയും വില എന്താണെന്ന് ചെറുപ്പത്തില്‍ മനസ്സിലാക്കിയിരുന്നു. തന്റെ സ്‌കൂളിലെ ഫീസ് പോലും വളരെ ബുദ്ധിമുട്ടിയാണ് പിതാവ് അടച്ചിരുന്നത്. അതിനാല്‍ പ്രതിമാസം വെറും 15 രൂപ മാത്രമാണ് പോക്കറ്റ് മണിയായി ലഭിച്ചിരുന്നത്.

സ്‌കൂള്‍ കാന്റീനില്‍ സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കുന്നത് കണ്ടതായിരുന്നു തന്റെ ജീവിതം മാറ്റിമറിച്ച പ്രചോദനമെന്ന് റിസ്വാന്‍ പറഞ്ഞു. എന്റെ 15 രൂപ പോാക്കറ്റ് മണി ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നുപോകുമായിരുന്നു. സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കുമ്പോള്‍ എനിക്ക് വാങ്ങാന്‍ കഴിയാത്തത് വലിയ നാണക്കേടായി തോന്നി. അതുകൊണ്ടാണ് 14-ാം വയസ്സില്‍ സമോസ വാങ്ങാന്‍ പണമുണ്ടാക്കാന്‍ ഞാന്‍ ആദ്യ ബിസിനസ് തുടങ്ങിയത്,' അദ്ദേഹം പറഞ്ഞു.

1,000 നിക്ഷേപത്തില്‍ തുടക്കം

അച്ഛനില്‍ നിന്ന് കടം വാങ്ങിയ 1,000 രൂപ ഉപയോഗിച്ച് റിസ്വാന്‍ മൊത്തവ്യാപാര വിപണിയില്‍ നിന്ന് സ്‌കൂള്‍ പുസ്തകങ്ങള്‍ വാങ്ങി. പിന്നീട് സ്‌കൂള്‍ സീസണില്‍ അവ വിറ്റഴിച്ചു. ആദ്യമായി വെറും 75 രൂപയാണ് ലാഭം പ്രതീക്ഷിച്ചെങ്കിലും, ബിസിനസില്‍ നിന്ന് 200 രൂപ ലാഭം ലഭിച്ചു. സമോസ വാങ്ങാന്‍ മാത്രം പണം കണ്ടെത്താന്‍ ശ്രമിച്ചിരുന്ന ആ 14-കാരന് അത് വലിയ സമ്പത്തായിരുന്നു. ഞാന്‍ അന്ന് സ്‌കൂളിലെ സമ്പന്നനായ കുട്ടിയായി മാറി. പിന്നീട് സുഹൃത്തുക്കള്‍ക്ക് സമോസ വാങ്ങിക്കൊടുക്കാന്‍ തുടങ്ങി, അദ്ദേഹം ഓര്‍ത്തെടുത്തു.

അന്ന് ചെയ്ത ചെറിയ ബിസിനസാണ് റിസ് വാന്‍ സജന്‍ എന്ന യുവാവിന്റെ ജീവിതം മാറ്റിമറിച്ചത്. ആദ്യ ലാഭത്തിന്റെ രുചി അറിഞ്ഞതോടെ അദ്ദേഹം വിവിധ ചെറിയ വ്യാപാരങ്ങളിലേക്ക് കടന്നു. ഒരു സീസണില്‍ സ്‌കൂള്‍ പുസ്തകങ്ങള്‍ വിറ്റ അദ്ദേഹം, അടുത്ത സീസണില്‍ രക്ഷാബന്ധന്‍ ആഘോഷ സമയത്ത് രാഖികളും പിന്നീട് ദീപാവലി കാലത്ത് പടക്കങ്ങളും വിറ്റു. തുടര്‍ന്ന് മാസത്തില്‍ 150 രൂപ ശമ്പളത്തിന് പാല്‍ വിതരണ ജോലിയും ചെയ്തു.

18-ാം വയസ്സില്‍ പിതാവിന്റെ മരണശേഷം ജോലി തേടി റിസ്വാന്‍ കുവൈത്തിലേക്ക് കുടിയേറി. അവിടെ ലഭിച്ച 18,000 രൂപ മാസശമ്പളം, ഓരോ രൂപയും കണക്കാക്കി ജീവിച്ചിരുന്ന അദ്ദേഹത്തിന് വലിയ നേട്ടമായിരുന്നു. എന്നാല്‍ പിന്നീട് ഗള്‍ഫ് യുദ്ധ കാലത്ത് കുവൈത്ത് അധിനിവേശത്തിനിരയായതോടെ ജീവിതം വീണ്ടും വെല്ലുവിളികളിലേക്ക് നീങ്ങി. ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് നാട്ടിലെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ കഴിയാതെയായി.

പ്രതിസന്ധിയില്‍ അവസരം കണ്ടെത്തി

മറ്റുള്ളവര്‍ ഭയത്തോടെയും ആശങ്കയോടെയും സാഹചര്യം നോക്കിക്കാണുമ്പോള്‍, റിസ്വാന്‍ അതില്‍ ഒരു ബിസിനസ് അവസരം കണ്ടെത്തി. സ്വന്തം കുടുംബത്തിന് ടെലഗ്രാം അയയ്ക്കാന്‍ ഇറാഖിലേക്ക് യാത്ര ചെയ്യേണ്ടി വന്നാല്‍, അതേ സേവനം മറ്റുള്ളവര്‍ക്കും നല്‍കാമല്ലോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. അങ്ങനെ പ്രതിസന്ധിയിലും അവസരങ്ങള്‍ കണ്ടെത്താനുള്ള സംരംഭക മനോഭാവം റിസ്വാന്റെ ജീവിതയാത്രയില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ടു.

ഗള്‍ഫ് യുദ്ധകാലത്ത് ഓരോ ടെലഗ്രാമിനും അഞ്ച് ദിനാര്‍ വീതം ഈടാക്കി നൂറുകണക്കിന് സന്ദേശങ്ങള്‍ അദ്ദേഹം ശേഖരിച്ചു. യുദ്ധസാഹചര്യത്തില്‍ സൈനിക ചെക്ക്പോസ്റ്റുകള്‍ കടന്ന് അവ എത്തിക്കുന്നതിനായി വലിയ റിസ്‌ക് ഏറ്റെടുക്കുകയായിരുന്നു. കുവൈത്തി ദിനാറും ഇറാഖി ദിനാറും തമ്മിലുള്ള വിനിമയ നിരക്കിലെ വ്യത്യാസം അദ്ദേഹത്തിന് മികച്ച ലാഭം നേടിക്കൊടുത്തു.

വെറും 1 ലക്ഷം ദിര്‍ഹവുമായി ദുബായില്‍ പുതിയ തുടക്കം

വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം ബിസിനസ് ആരംഭിക്കാനായി റിസ്വാന്‍ ദുബായിലേക്ക് മാറി. അന്ന് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത് വെറും 100,000 ദിര്‍ഹം (2026 മെയ് മാസത്തിലെ കണക്കുപ്രകാരം ഏകദേശം 25 ലക്ഷം രൂപ)മാത്രമായിരുന്നു.ബിസിനസ് വിജയിപ്പിക്കാന്‍ തനിക്ക് വെറും മൂന്ന് മാസം മാത്രമാണ് സമയമെന്ന് അദ്ദേഹം സ്വയം തീരുമാനിച്ചിരുന്നു. ആ കാലയളവിനുള്ളില്‍ സ്ഥാപനം നിലനില്‍ക്കുകയോ അല്ലെങ്കില്‍ പരാജയപ്പെടുകയോ ചെയ്യും എന്ന ഉറച്ച മനോഭാവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

പ്രതിസന്ധികളില്‍ നിന്ന് സാമ്രാജ്യത്തിലേക്ക്

സ്‌കൂള്‍ കാന്റീനില്‍ സമോസ വാങ്ങാന്‍ പണം കണ്ടെത്താനായി 14-ാം വയസ്സില്‍ ചെറിയ ബിസിനസ് ആരംഭിച്ച ബാലനില്‍ നിന്ന്, ഇന്ന് ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകനായി റിസ്വാന്‍ സജന്‍ വളര്‍ന്നു. അദ്ദേഹത്തിന്റെ യാത്രയില്‍ ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളായി മാറുകയായിരുന്നു.

ആദ്യ മാസത്തില്‍ 5,000 ദിര്‍ഹം (ഏകദേശം 1.29 ലക്ഷം രൂപ) വരുമാനം ലഭിച്ചു. രണ്ടാം മാസത്തില്‍ അത് 10,000 ദിര്‍ഹമായി (ഏകദേശം 2.58 ലക്ഷം രൂപ)ഉയര്‍ന്നു. മൂന്നാം മാസത്തില്‍ 20,000 ദിര്‍ഹം (ഏകദേശം 5.16 ലക്ഷം) വരുമാനം നേടിയപ്പോള്‍ തന്റെ ബിസിനസ് ശരിയായ ദിശയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീടുള്ള ജീവിതം തന്റെ ആശകള്‍ക്കനുസരിച്ച് കെട്ടിപടുക്കുകയായിരുന്നു. ഇന്ന് താന്‍ നയിക്കുന്ന ആഢംബര ജീവിതത്തിന് പിന്നില്‍ ഓരോ രൂപയുടേയും വിലയറിഞ്ഞ തന്റെ കുട്ടിക്കാലമാണെന്ന് സജ്‌വാന്‍ പറയുന്നു.

Content Highlights: From selling books to afford samosas at 14 to building a ₹20,000 crore empire, Rizwan Sajan’s journey is a powerful example of entrepreneurial vision and perseverance

dot image
To advertise here,contact us
dot image