

കൊച്ചി: നടി അന്‍സിബ ഹസ്സന്റെ നിയമനടപടി നീക്കങ്ങളോട് പ്രതികരിച്ച് നടന്‍ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്നായിരുന്നു ടിനി ടോമിന്റെ പ്രതികരണം. സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചി കറുകപ്പിള്ളിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു ടിനിയുടെ പ്രതികരണം.
ടിനിടോമിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്‍സിബ ആവര്‍ത്തിച്ചിരുന്നു. ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ അന്‍സിബ റിപ്പോര്‍ട്ടറിലൂടെ തുറന്നു പറഞ്ഞിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയില്‍ നിന്ന് താന്‍ രാജിവെച്ചതെന്നുമായിരുന്നു അന്‍സിബയുടെ പ്രതികരണം.
അതേസമയം തൃപ്പൂണിത്തുറ ഹില്‍പാലസ് എസ്ഐ രേഷ്മ തന്നെ പൊലീസ് സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന പരാതിയില്‍ അന്‍സിബയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ നാളെ നടി ലക്ഷ്മിപ്രിയയുടെ മൊഴിയെടുക്കും. കൂടാതെ തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മയുടെയും മൊഴിയും രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെന്ന് തൃക്കാക്കര എസിപി അറിയിച്ചു.
ഗുരുതരമായ ആരോപണമാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ എസ്ഐ രേഷ്മ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍സിബ ഉന്നയിച്ചത്. നടി ലക്ഷ്മിപ്രിയക്ക് അന്‍സിബ അയച്ച ഒരു വാട്സാപ്പ് സന്ദേശം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്ന് കാണിച്ച് പരാതി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ആ പരാതിയില്‍ അന്‍സിബയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തനിക്ക് വലിയ ഹരാസ്മെന്റ് നേരിടേണ്ടി വന്നു എന്നാണ് അന്‍സിബ പറയുന്നത്. സന്ദേശം അയച്ചതില്‍ ഖേദ പ്രകടനം എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുകയും,തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ചെയ്തുവെന്നുകാണിച്ചാണ് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
Content Highlights: Actor Tiny Tom about Actress Ansiba Hassan's complaint against him