റെയ്ഡിന് പിന്നാലെ നടപടി, വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ED

1,50,000 രൂപ മാത്രമുള്ള HDFC ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്

റെയ്ഡിന് പിന്നാലെ നടപടി, വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ED
dot image

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ നടപടിയുമായി ഇ ഡി. വീണ ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്സി ബാങ്കിൻ്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിനിടെ വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ ഇ ഡി പിടിച്ചെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ അടക്കം മണിക്കൂറുകൾ നീണ്ട റെയ്ഡായിരുന്നു ഇ ഡി നടത്തിയത്.

ഇന്ന് തിരുവനന്തപുരത്തെ പിണറായി വിജയൻ്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ വീണയും അവിടെ ഉണ്ടായിരുന്നു. വീണയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത വീണയുടെ നിക്ഷേപത്തിന്റെയും ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെയും രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇ ഡിയുടെ നടപടി.

ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് വിവരം. കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ തുടരുമെന്നാണ് സൂചന. സിഎംആര്‍എല്ലുമായുള്ള ഇടപാടില്‍ ഒരു സേവനവും നല്‍കാതെയാണ് എക്‌സാലോജിക് 1.72കോടി രൂപ കൈപ്പറ്റിയതെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ ഡി അന്വേഷണം ഏറ്റെടുത്ത്. അനധികൃതമായി കൈപ്പറ്റിയ പണമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം.

ഹൈക്കോടതി സിഎംആര്‍എല്ലിൻ്റെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പന്ത്രണ്ടിടങ്ങളിൽ റെയ്ഡ് നടന്നത്. അടുത്ത നടപടിയായി സമന്‍സ് നല്‍കി ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് ഇ ഡി കടക്കുമെന്നാണ് അറിയുന്നത്. കൂടുതല്‍ രേഖകള്‍ കണ്ടെത്താനായാണ് റെയ്ഡ് നടത്തിയതെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.

Content Highlights: Veena Vijayan’s HDFC Bank account was reportedly frozen after ED raids were conducted at residences linked to Pinarayi Vijayan

dot image
To advertise here,contact us
dot image