

ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലിയെ ഡിസിസി അംഗമാക്കിയതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ്. നിഖില്‍ പൈലി ഉള്‍പ്പെടെ നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നവര്‍ നിരപരാധികളാണെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. ധീരജ് വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് സി പി മാത്യു കൂട്ടിച്ചേര്‍ത്തു.
'ഇക്കാര്യം കോണ്‍ഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് നിഖില്‍ പൈലിയെ ഡിസിസിയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്തത്. ആരെ നാമനിര്‍ദേശം ചെയ്യണമെന്ന് സിപിഐഎം പറയേണ്ട ആവശ്യമില്ല. കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ആളുകളാണ് സിപിഐഎം', സി പി മാത്യു പറഞ്ഞു.
ശനിയാഴ്ചയാണ് ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയടക്കം അഞ്ചുപേരെ ഇടുക്കി ഡിസിസിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റേതായിരുന്നു നടപടി. മജോ കാരിമുട്ടം, ജോയി വടക്കേടം, വര്‍ക്കി ആലയ്ക്കാപ്പറമ്പില്‍, ജോര്‍ജ് ജോസഫ് എന്നിവരെയാണ് നിഖില്‍ പൈലിക്ക് പുറമേ നാമനിര്‍ദ്ദേശം ചെയ്തത്.
പിന്നാലെ കോണ്‍ഗ്രസ് നീക്കത്തിനെതിരെ ധീരജിന്റെ പിതാവ് രാജേന്ദ്രന്‍ രംഗത്തെത്തി. ഇത്രയും നീചമായ പ്രവര്‍ത്തി നടക്കുമെന്ന് വിചാരിച്ചില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. കൊലയാളികള്‍ പൊതുസമൂഹത്തില്‍ വിലസി നടക്കുകയാണ്. കേസിന്റെ നടപടിക്രമങ്ങളില്‍ കടുത്ത ആശങ്കയുണ്ട്. വിചാരണ നടപടികള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നു. കോണ്‍ഗ്രസ് അനുഭാവിയായ തന്നെ ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാവും വിളിച്ച് ആശ്വസിപ്പിച്ചിട്ടില്ല. താന്‍ വോട്ട് ചെയ്ത കെ സുധാകരന്‍ പോലും തന്നെ വിളിച്ചില്ലെന്നും ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും രാജേന്ദ്രന്‍ പറഞ്ഞു. വൈകാരികമായാണ് ധീരജിന്റെ പിതാവ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.
2022 ജനുവരി 10നായിരുന്നു ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെടുന്നത്. ധീരജ് കൊല ചെയ്യപ്പെടുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖില്‍ പൈലി. ധീരജിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത് നിഖില്‍ പൈലിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ നിലവില്‍ ജാമ്യത്തിലാണ് നിഖില്‍ പൈലി.
Content Highlights: Idukki DCC president CP Mathew say Nikhil Paily Innocent in Dheeraj murder case