

വിമാനയാത്രക്കാർ കൈവശം കരുതുന്ന പവർ ബാങ്കുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കർശന നിയന്ത്രണങ്ങളുമായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA). അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പുതിയ പരിഷ്കാരങ്ങൾ. ഇതുസംബന്ധിച്ച സർക്കുലർ സൗദിയിലെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും കൈമാറി.
പവർ ബാങ്കുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി. ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമെ വിമാനത്തിൽ കൊണ്ടുപോകാൻ അനുമതിയുള്ളൂ. യാത്രാവേളയിൽ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചു. വിമാന യാത്രയിലുടനീളം മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.
കടുത്ത സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പവർ ബാങ്കുകൾ ചെക്ക്-ഇൻ ലഗേജുകളിൽ (വലിയ പെട്ടികളിൽ) വെക്കാനും അനുവദിക്കില്ല. പവർ ബാങ്കുകൾ വിമാന കാബിനിനുള്ളിൽ ഹാൻഡ് ലഗേജായി (Cabin Baggage) മാത്രമേ യാത്രക്കാർ സൂക്ഷിക്കേണ്ടതുള്ളൂ. വിമാനത്തിലെ ജീവനക്കാർക്കും നിർദ്ദേശങ്ങൾ ബാധകമാണ്. വിമാനത്താവളങ്ങളിലെ പരിശോധനകൾ വേഗത്തിലാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും യാത്രക്കാർ ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Content Highlights: Saudi aviation authorities have introduced stricter rules on carrying and using power banks during flights. The guidelines focus on safety compliance, limiting usage onboard, and regulating lithium battery capacity to prevent fire risks and ensure safe air travel.