'പുതിയ പദ്ധതി ആരംഭിക്കലല്ല, അഞ്ച് ലക്ഷത്തോളം വീടുകൾ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പില്‍ ആണ് UDFന്റെ മുൻഗണന'

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ എം ബി രാജേഷ്

'പുതിയ പദ്ധതി ആരംഭിക്കലല്ല, അഞ്ച് ലക്ഷത്തോളം വീടുകൾ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പില്‍ ആണ് UDFന്റെ മുൻഗണന'
dot image

പാലക്കാട്: ലൈഫ് പദ്ധതി അവസാനിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ മന്ത്രി എം ബി രാജേഷ്. കേരളത്തിന്റെ 'ലൈഫ്' തകര്‍ക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം. എന്തെങ്കിലും പുതിയ പദ്ധതി ആരംഭിക്കല്‍ അല്ല, അഞ്ച് ലക്ഷത്തോളം വീടുകള്‍ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പിക്കല്‍ ആണ് യുഡിഎഫിന്റെ മുന്‍ഗണനയെന്ന് എം ബി രാജേഷ് വിമര്‍ശിച്ചു. ലൈഫ് വഴി വീടുകള്‍ ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഗണനാ ക്രമത്തില്‍ അടുത്തത് തങ്ങളാണെന്നതിനാല്‍ വീടിനായി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്തിയാവും സര്‍ക്കാര്‍ ഭരണം തുടങ്ങുന്നത് തന്നെ. ഈ കണ്ണീരില്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ കത്തിച്ചാമ്പലാവുമെന്നും എം ബി രാജേഷ് പറഞ്ഞു.

മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളി തന്നെയാണ്. കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമാണ് ഹരിതകേരള മിഷന്‍ ആരംഭിച്ചത്. ഇതും പിരിച്ചുവിടാനാണ് നീക്കം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആര്‍ദ്രകേരള മിഷനും പിരിച്ചുവിടുന്നതില്‍ ഉള്‍പ്പെടുന്നുണ്ടോയെന്നും എം ബി രാജേഷ് ചോദിച്ചു.

വികൃന്ദ്രീകൃത ആസൂത്രണത്തെ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ളവ അട്ടിമറിച്ചെന്നാണ് അവര്‍ പറയുന്നത്. നിശ്ചിതമായ മാനദണ്ഡങ്ങള്‍ പ്രകാരം അപേക്ഷ ക്ഷണിച്ച്, ഗ്രാമസഭകളും പഞ്ചായത്തുകളും നിശ്ചയിച്ച മുന്‍ഗണന ക്രമം അനുസരിച്ചാണ് ലൈഫ് മിഷന്‍ വഴി വീടുകള്‍ അനുവദിക്കുന്നത്. ഇതെല്ലാം സുതാര്യമായ നടപടിയാണ്, ആര്‍ക്കും പരിശോധിക്കാന്‍ കഴിയുന്നതാണ്. താല്‍പര്യമുള്ള ആളുകള്‍ക്ക് വളഞ്ഞ വഴിയില്‍ വീട് കൊടുക്കാന്‍ പറ്റില്ല എന്ന് ചുരുക്കം. മാര്‍ച്ച് ആദ്യം വരെ ലൈഫ് മിഷന്‍ വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00364 വീടുകളാണ് പൂര്‍ത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക ഏറ്റവുമധികം ആളുകള്‍ക്ക് നല്‍കുന്നത് കേരളമാണ്. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആറ് ലക്ഷം രൂപയും, ജനറല്‍ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നല്‍കുന്നത്. ലൈഫ് മിഷന് വേണ്ടി കേരളം ചെലവഴിച്ചത് 20831.6 കോടി രൂപയാണ്. ഇതില്‍ 18,342.7 കോടിയും (88.05%) കേരളമാണ് കണ്ടെത്തിയതെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ 'ലൈഫ്' തകര്‍ക്കരുത്

ഇന്നത്തെ മനോരമ വായിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ആദ്യപരിഗണന എന്ത് എന്ന ചോദ്യത്തിന്, ലൈഫ് മിഷന്‍ ഒഴിവാക്കല്‍ ആണെന്ന് പുതിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പറഞ്ഞത്രെ. എന്തെങ്കിലും പുതിയ പദ്ധതി ആരംഭിക്കല്‍ അല്ല, അഞ്ച് ലക്ഷത്തോളം വീടുകള്‍ സാധ്യമാക്കിയ ഒരു പദ്ധതി അവസാനിപ്പിക്കല്‍ ആണ് യുഡിഎഫിന്റെ മുന്‍ഗണന. ലൈഫ് വഴി വീടുകള്‍ ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഗണനാ ക്രമത്തില്‍ അടുത്തത് തങ്ങളാണെന്നതിനാല്‍ വീടിനായി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് വീഴ്ത്തിയാവും സര്‍ക്കാര്‍ ഭരണം തുടങ്ങുന്നത് തന്നെ. ഈ കണ്ണീരില്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ കത്തിച്ചാമ്പലാവും.

മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളി തന്നെയാണ്. കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമാണ് ഹരിതകേരള മിഷന്‍ ആരംഭിച്ചത്. ഇതും പിരിച്ചുവിടാനാണ് നീക്കം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായുള്ള ആര്‍ദ്രകേരള മിഷനും പിരിച്ചുവിടുന്നതില്‍ ഉള്‍പ്പെടുന്നുണ്ടോ?

വികൃന്ദ്രീകൃത ആസൂത്രണത്തെ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ളവ അട്ടിമറിച്ചത്രെ. നിശ്ചിതമായ മാനദണ്ഡങ്ങള്‍ പ്രകാരം അപേക്ഷ ക്ഷണിച്ച്, ഗ്രാമസഭകളും പഞ്ചായത്തുകളും നിശ്ചയിച്ച മുന്‍ഗണന ക്രമം അനുസരിച്ചാണ് ലൈഫ് മിഷന്‍ വഴി വീടുകള്‍ അനുവദിക്കുന്നത്. ഇതെല്ലാം സുതാര്യമായ നടപടിയാണ്, ആര്‍ക്കും പരിശോധിക്കാന്‍ കഴിയുന്നതാണ്. താല്പര്യമുള്ള ആളുകള്‍ക്ക് വളഞ്ഞ വഴിയില്‍ വീട് കൊടുക്കാന്‍ പറ്റില്ല എന്ന് ചുരുക്കം.

മാര്‍ച്ച് ആദ്യം വരെ ലൈഫ് മിഷന്‍ വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00364 വീടുകളാണ് പൂര്‍ത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക ഏറ്റവുമധികം ആളുകള്‍ക്ക് നല്‍കുന്നത് കേരളമാണ്. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആറ് ലക്ഷം രൂപയും, ജനറല്‍ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നല്‍കുന്നത്. ലൈഫ് മിഷന് വേണ്ടി കേരളം ചെലവഴിച്ചത് 20831.6 കോടി രൂപയാണ്. ഇതില്‍ 18,342.7 കോടിയും (88.05%) കേരളമാണ് കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിഹിതവും വായ്പയുമാണ് ഈ തുക. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വായ്പ എടുക്കുന്നത്. പലിശ പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്നു. മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്ലാന്‍ ഫണ്ടില്‍ നിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തിരിച്ചടയ്ക്കുന്നു. ശേഷിക്കുന്ന 2488.9 കോടി രൂപ കേന്ദ്രവിഹിതമാണ്. ഇത് വെറും 11.95% മാത്രമാണ്. പിഎംഎവൈ ഗ്രാമീണ്‍, അര്‍ബന്‍ വിഭാഗത്തില്‍പ്പെട്ട ചുരുക്കം വീടുകള്‍ക്കാണ് കേന്ദ്രത്തിന്റെ ഈ ചില്ലറ സഹായം ലഭിച്ചത്.

മുന്‍കാലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരവരുടെ തലത്തില്‍ മാത്രം ഭവന പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമ്പോള്‍ സബ്‌സിഡി തുക പൂര്‍ണമായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ ലൈഫ് മിഷനില്‍ ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന നാല് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ വികസന ഫണ്ടിന് പുറമേ നല്‍കുന്ന സര്‍ക്കാരിന്റ വിഹിതമാണ്.

രാജ്യത്തിനും ലോകത്തിനും കേരളം സമ്മാനിച്ച ഈ പുതിയ മാതൃകയെ തകര്‍ക്കലാണ് തന്റെ ഒന്നാമത്തെ ലക്ഷ്യമെന്ന് എങ്ങനെ ഒരു മന്ത്രിക്ക് പ്രഖ്യാപിക്കാനാവും? അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതുറപ്പാന്‍ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്, ഇരുപത് ലക്ഷത്തിലധികം പേര്‍ സ്വന്തം വീടെന്ന അഭിമാനബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളില്‍ ചാപ്പകുത്തണമെന്ന കേന്ദ്രനിര്‍ദേശം തള്ളിയാണ് കേരളം മുന്നോട്ടുപോയത്. ആത്മാഭിമാനത്തോടെ, വേര്‍തിരിവുകളില്ലാതെ ഓരോ മനുഷ്യനും ജീവിക്കാന്‍ കേരളത്തില്‍ സാധിക്കുന്നു. ഈ മാതൃകയാണ് അട്ടിമറിക്കാന്‍ യുഡിഎഫ് ലക്ഷ്യമിടുന്നത്. യുഡിഎഫിന്റെ ഈ നീക്കത്തെ പ്രബുദ്ധകേരളം ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും.

Content Highlights- M B Rajesh criticized the stand of UDF government on discontinuing the Life Mission scheme, stating that the priority appears to be ending a project that facilitated nearly five lakh homes

dot image
To advertise here,contact us
dot image