

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമാണ് കേസിലെ പ്രതി. രണ്ടാംപ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംഭവം നടന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.
Content Highlights: K M Basheer Death; Trial begins on August 1, Sriram Venkitaraman is the sole accused