

ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. മോശം ഫോമിലുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യർ , സഞ്ജു സാംസൺ എന്നിവരിലൊരാളെ ഇന്ത്യ നായകനാക്കിയേക്കുമെന്നാണ് വിവരം. ഇതിൽ സഞ്ജു സാംസണാണ് ഇപ്പോൾ മുൻതൂക്കം ലഭിക്കുന്നത്.
ഇന്ത്യ അടുത്ത ടി20 നായകനായി സഞ്ജു സാംസണെ കൊണ്ടുവരാനുള്ള സാധ്യത നിലനിൽക്കെ ശ്രേയസിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകനും പഞ്ചാബ് കിങ്സിന്റെ മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിങ്. പഞ്ചാബിന്റെ നായകനായ ശ്രേയസ് അവസാന സീസണിൽ ടീമിനെ ഫെെനലിൽ എത്തിച്ചിരുന്നു.
ഇതിനോടകം മികവ് കാട്ടിയ ശ്രേയസിനെ ഇന്ത്യ നായകനാക്കണമെന്നാണ് പോണ്ടിങ് ആവശ്യപ്പെടുന്നത്. 'ഇന്ത്യൻ ടീമിനെ നയിക്കാൻ ശേഷിയുള്ള നിരവധി താരങ്ങളുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ശ്രേയസ് അയ്യരാണ് ഏറ്റവും യോഗ്യൻ. ടി20യിൽ തുടങ്ങിയപ്പോഴും ഇപ്പോഴുമുള്ള അവന്റെ വളർച്ച വളരെ മികച്ചതാണ്. കളത്തിനകത്തും പുറത്തും അവന്റെ നില എത്രത്തോളം മികച്ചതാണെന്ന് നോക്കൂ. ഇപ്പോൾ വളരെ പക്വതയോടെ കളിക്കുന്ന താരമാണവൻ.
ക്രിക്കറ്റിൽ അവനെപ്പോലെ സ്ഥിരത കാട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ടീമെന്ന നിലയിലും താരമെന്ന നിലയിലും ക്രിക്കറ്റിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടായേക്കും. അവസാന മത്സരത്തിൽ അവൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. പഞ്ചാബിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. അവസാന മത്സരത്തിൽ മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്താൻ സാധിച്ചാൽ ജയം ഉറപ്പാണ്' പിടിഐയോട് സംസാരിക്കവെ റിക്കി പോണ്ടിങ് പറഞ്ഞു.
content highlights:ricky ponting-backs shreyas iyer-for india captaincy over sanju samson