'ഡീൻ കുര്യാക്കോസിന്റെ ഔദാര്യത്തിലാണ് സി പി മാത്യു സ്ഥാനത്ത് തുടരുന്നത്'; DCC പ്രസിഡൻ്റിനെതിരെ കൂടുതൽ ഭാരവാഹികൾ

ഡിസിസി പ്രസിഡൻ്റിനെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് DCC ജനറൽ സെക്രട്ടറി അരുൺ പൊടിപാറ

'ഡീൻ കുര്യാക്കോസിന്റെ ഔദാര്യത്തിലാണ് സി പി മാത്യു സ്ഥാനത്ത് തുടരുന്നത്'; DCC പ്രസിഡൻ്റിനെതിരെ കൂടുതൽ ഭാരവാഹികൾ
dot image

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ വിമർശനം ഉന്നയിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ തുറന്നടിച്ച് കൂടുതൽ ഡിസിസി ഭാരവാഹികൾ. എം പിയുടെ ഔദാര്യത്തിലാണ് സി പി മാത്യു സ്ഥാനത്ത് തുടരുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി അരുൺ പൊടിപാറ ആരോപിച്ചു. ഡിസിസി പ്രസിഡൻ്റിനെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അരുൺ പൊടിപാറ ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങിയത് മാത്രമാണ് സി പി മാത്യുവിന് തെരഞ്ഞെടുപ്പുമായുള്ള ബന്ധമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ ശശി പറഞ്ഞു. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് സി പി മാത്യുവിന് ഉണ്ടോ എന്ന് പരിശോധിക്കണം. അടിയന്തരമായി മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്നും ഒ ആർ ശശി പറഞ്ഞു.

ഡീന്‍ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണെന്നാണ് സി പി മാത്യു കഴിഞ്ഞ ദിവസം പറഞ്ഞത്. എംപി, എംപിയുടെ പണി എടുത്താല്‍ മതിയെന്നും ഡിസിസി പ്രസിഡന്റിന്റെ പണി താന്‍ എടുത്തു കൊള്ളാമെന്നും സി പി മാത്യു പറഞ്ഞിരുന്നു. ഡിസിസിക്ക് എംപി ഒരു സഹായവും ചെയ്യുന്നില്ല. മറ്റ് ജില്ലകളിലെ എംപിമാര്‍ ഡിസിസിക്ക് സഹായം ചെയ്യാറുണ്ട്. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് ആകണം, മെമ്പര്‍ ഓഫ് പഞ്ചായത്ത് ആകരുത്. വെറുതെ ചൊറിഞ്ഞ് മാന്തി ലഭിച്ച സൗഭാഗ്യം കളയരുതെന്നും സി പി മാത്യു പറഞ്ഞിരുന്നു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തത് ഡിന്‍ കുര്യാക്കോസ് ചോദ്യം ചെയ്തിരുന്നു. ഇതിലായിരുന്നു സി പി മാത്യുവിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി ഡി സതീശനെ അനുകൂലിച്ച് പ്രകടം നടത്തിയവര്‍ക്കെതിരെയാണ് ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചത്. പിന്നാലെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ പദവികളില്‍ നിന്ന് നീക്കുമെന്ന ഡിസിസിയുടെ ഭീഷണി ക്രൂരമെന്നായിരുന്നു ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചത്.

പ്രവര്‍ത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാന്‍ നേതൃത്വത്തിന് കഴിയണമെന്നും അമിതമായി അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തിക്കാട്ടുന്ന കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.

Content Highlight : More DCC office bearers openly criticise Idukki DCC President C P Mathew over attack on Dean Kuriakose MP

dot image
To advertise here,contact us
dot image