ഇന്ത്യ-യുഎസ് ട്രേഡ് ഡീല്‍; അമേരിക്കന്‍ പ്രതിനിധികള്‍ ജൂണില്‍ ഇന്ത്യയിലെത്തും

ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങള്‍, ജെംസ് ആന്‍ഡ് ജ്വല്ലറി, രാസവസ്തുക്കള്‍, ചെമ്മീന്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് തീരുവ ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്

ഇന്ത്യ-യുഎസ് ട്രേഡ് ഡീല്‍; അമേരിക്കന്‍ പ്രതിനിധികള്‍ ജൂണില്‍ ഇന്ത്യയിലെത്തും
dot image

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സംഘം ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെയും വിശാലമായ ഉഭയകക്ഷി വ്യാപാര കരാറിന്റെയും ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സന്ദര്‍ശനം ലക്ഷ്യമിടുന്നത്. ഏപ്രിലില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം വാഷിങ്ടണില്‍ യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇടക്കാല കരാറിന്റെ രൂപരേഖ അന്തിമമാക്കുകയും വിശാല വ്യാപാര കരാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ധാരണയില്‍ എത്താനുമായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ജൂണില്‍ അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആഗോള താരിഫ് നയങ്ങളിലും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളിലും ഉണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ - യുഎസ് വ്യാപാര ചര്‍ച്ചകള്‍ കൂടുതല്‍ പ്രാധാന്യം നേടുന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ടാരിഫ് നയങ്ങളും അതിനെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളും ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ വിപണി പ്രവേശനം, നികുതിയേതര വ്യാപാരതടസ്സങ്ങള്‍, കസ്റ്റംസ് നടപടികള്‍ ലളിതമാക്കല്‍, ഡിജിറ്റല്‍ വ്യാപാരം, നിക്ഷേപ പ്രോത്സാഹനം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായി ഉള്‍പ്പെടുന്നത്.

കാര്‍ഷികോല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, ഊര്‍ജ്ജം, ടെക്‌നോളജി, പ്രതിരോധ മേഖലകള്‍ എന്നിവയിലും കൂടുതല്‍ സഹകരണം ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങള്‍, ജെംസ് ആന്‍ഡ് ജ്വല്ലറി, രാസവസ്തുക്കള്‍, ചെമ്മീന്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് തീരുവ ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മറുവശത്ത് അമേരിക്ക ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍, വൈന്‍, ഡയറി ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ വിപണി പ്രവേശനം തേടുകയാണ്.

ഇരു രാജ്യങ്ങളും ഈ വര്‍ഷം തന്നെ വ്യാപാര കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. അതിന് മുമ്പ് ഇടക്കാല വ്യാപാര കരാര്‍ ഒപ്പിടാനുള്ള സാധ്യതയും ചര്‍ച്ചകളിലുണ്ട്. യുഎസ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായതിനാല്‍, കരാര്‍ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights: The US team is expected to visit India in June for the next round of talks on the interim trade agreement, though no dates have been finalised yet, Commerce Secretary Rajesh Agrawal said on Friday.

dot image
To advertise here,contact us
dot image