

മലപ്പുറം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ആരോപണങ്ങളില്‍ കരുതലോടെ നീങ്ങാന്‍ മുസ്‌ലിം ലീഗ്. പരസ്യ പ്രതികരണങ്ങള്‍ നടത്തി വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്. സുകുമാരന്‍ നായര്‍ക്ക് മറുപടി എന്ന രീതിയില്‍ ആരും പ്രതികരിക്കരുതെന്ന് താഴെത്തട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ ലീഗിന്റെ നിലപാട് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അറിയിക്കും. ലീഗ് നേതൃയോഗത്തിന് ശേഷമായിരിക്കും നിലപാട് പറയുക. ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും ലീഗ് അതിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി ആരെന്നത് ലീഗിനെ അറിയിക്കാറുണ്ട്. ഇത്തവണയും ലീഗ് അത് പ്രതീക്ഷിക്കുന്നുണ്ട്. വി ഡി സതീശനെ പിന്തുണച്ച നിലപാട് മാറ്റേണ്ടതില്ലെന്നായിരുന്നു ഇന്നലെ ലീഗ് നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
ബുധനാഴ്ച മാധ്യമങ്ങളെ കാണവെയായിരുന്നു ലീഗിനെതിരെ സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്നായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്. മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമാണ്. എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടു. ലീഗ് അടക്കമുള്ളവര്‍ക്ക് ഇതില്‍ എന്താണ് കാര്യം?. ഇന്ന ആള്‍ വേണമെന്നും വേണ്ടെന്നും പറയാന്‍ ഘടകക്ഷികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു.
ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പുതന്നെ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന് അഭിപ്രായം തേടേണ്ടി വന്നത്. എന്നാല്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങി എന്ന് പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ പ്രഖ്യാപനം ഇത്രയും നീളില്ലായിരുന്നു. ഘടകകക്ഷികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ചേരുന്നതല്ല. മൂന്ന് പേര്‍ വന്നതുകൊണ്ട് അനുകൂലിക്കാനോ എതിര്‍ക്കാനോ പാടില്ലായിരുന്നു. ആര് വന്നാലും സ്വീകരിക്കണം. അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഘടകകക്ഷികളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ പ്രഖ്യാപനം കുറച്ചുകൂടി നേരത്തേയാകുമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights- The Muslim League has reportedly directed its leaders to avoid making public statements regarding the allegations raised by G Sukumaran Nair