

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രതിസന്ധി തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരവും തന്റെ ബോധ്യങ്ങളും രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന്‍ പറഞ്ഞു.
ജനവികാരം ആര്‍ക്ക് എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. വിശദാംശങ്ങള്‍ പറയുന്നത് ഔചിത്യമല്ല. തന്റെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. വ്യക്തിപരമായ അഭിപ്രായമല്ല, ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചത്. പ്രഖ്യാപനം വൈകി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇനിയും വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച അനന്തമായി നീളുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഒറ്റപ്പേരിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ല. നാളെ അന്തിമ കൂടിയാലോചനകൾ നടക്കുന്നുണ്ട്. ഇതിന് ശേഷം നാളെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് നാളെ യോഗം വിളിച്ചിരിക്കുകയാണ്. പാണക്കാട് നാളെ രാവിലെ പത്ത് മണിക്കാണ് യോഗം ചേരുന്നത്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷന്‍ എന്നിവരുള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ തീരുമാനം വന്നാല്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിലും ചര്‍ച്ച നടക്കും. യോഗത്തിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് വിഷയത്തില്‍ നിലപാട് അറിയിക്കും. അതുവരെ നേതാക്കള്‍ പരസ്യപ്രതികരണം നടത്തരുതെന്ന് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തേ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് വള്ളിക്കുന്ന് നിയുക്ത എംഎല്‍എ ടി വി ഇബ്രാഹിമും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദും അടക്കം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. കാര്യങ്ങള്‍ എന്തുകൊണ്ട് വഷളാകുന്നുവെന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും പ്രഖ്യാപനം വൈകുന്ന രീതി വളരെ മോശമാണെന്നും ടി വി ഇബ്രാഹിം പറഞ്ഞിരുന്നു.
Content Highlights- V M Sudheeran stated that public sentiment related to the chief minister discussion in Kerala has been conveyed to Rahul Gandhi