'വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബങ്ങൾക്ക് ലഭിക്കട്ടെ'; മിന്നലേറ്റ് വിദ്യാർത്ഥികൾ മരിച്ചതിൽ രമേശ് ചെന്നിത്തല

ചികിത്സയില്‍ കഴിയുന്ന മറ്റ് കുട്ടികള്‍ എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യത്തോടെ മടങ്ങിവരട്ടെയെന്നും രമേശ് ചെന്നിത്തല

'വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബങ്ങൾക്ക് ലഭിക്കട്ടെ'; മിന്നലേറ്റ് വിദ്യാർത്ഥികൾ മരിച്ചതിൽ രമേശ് ചെന്നിത്തല
dot image

മലപ്പുറം: മങ്കടയില്‍ മിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് അറിഞ്ഞതന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ വലിയ വേര്‍പാട് താങ്ങാനുള്ള കരുത്ത് ആ കുടുംബങ്ങള്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മിന്നലേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റ് കുട്ടികള്‍ എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യത്തോടെ മടങ്ങിവരട്ടെ', രമേശ് ചെന്നിത്തല പറഞ്ഞു.

വെള്ളിമല പുതുക്കുടി വീട്ടില്‍ അലിയുടെ മകന്‍ റഹീസ് (20), ആലിക്ക പറമ്പില്‍ വീട്ടില്‍ അസീസിന്റെ മകന്‍ സിയാദ് (18), കൂരിമണ്ണില്‍ പുത്തന്‍വീട്ടില്‍ സെയ്തലവിയുടെ മകന്‍ ബഹാസ് (18), നിസാറിന്റെ മകന്‍ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷന്‍ (20), ഇഷ്താഹ് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. ഇടിമിന്നലേറ്റ വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രദേശവാസികളാണ് വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കി. എന്നാല്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights: Congress leader Ramesh Chennithala condolences death of 4 students at Mankada

dot image
To advertise here,contact us
dot image