

അഭിനയത്തിനോടൊപ്പം മാജിക്കിലും താൽപര്യമുള്ള ആളാണ് മോഹൻലാൽ. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപുള്ള ഒരു അഭിമുഖത്തിൽ നിന്നുള്ള മോഹൻലാലിൻ്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. മജീഷ്യൻ മുതുകാടിന് മുന്നിലിരുന്നു ഒരു കുഞ്ഞു മാജിക് അവതരിപ്പിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
അഭിമുഖത്തിനിടെ കയ്യിലിരുന്ന തൂവാലയെടുത്ത് പൂവാക്കി മാറ്റുന്ന മാജിക് ആണ് മോഹൻലാൽ നടത്തിയത്. തൊട്ടുമുന്നിലായി ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന ഗോപിനാഥ് മുതുകാടിനേയും വിഡിയോയിൽ കാണാം. ജയ്‌ഹിന്ദ് ടിവി നടത്തിയ അഭിമുഖത്തിലാണ് മോഹൻലാൽ ഈ മാജിക് അവതരിപ്പിച്ചത്. ദൃശ്യം 3 ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം. മെയ് 21 ന് ചിത്രം പുറത്തിറങ്ങും.
ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ജോർജ് കുട്ടിയുടെ ഭയത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സിനിമയാകും ദൃശ്യം 3 എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മോഹൻലാലിന്റെ ഗംഭീര പ്രകടനം തന്നെ സിനിമ ഉറപ്പ് നൽകുമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.
സിനിമയുടെ സെൻസറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞു. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകൾ മെയ് 20 ന് 7.30 മുതലാണ് ആരംഭിക്കുക. ആദ്യ ദിനം ദൃശ്യം 3 വമ്പൻ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടൽ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.
Content Highlights: Mohanlal's magic show in an old interview goes viral again