ക്ലിഫ് ഹൗസിലെ പശുക്കള്‍ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ 'അതിഥികള്‍'

ക്ലിഫ് ഹൗസിലേക്ക് കെഎല്‍ഡിബിയാണ് പശുക്കളെ നല്‍കിയത്

ക്ലിഫ് ഹൗസിലെ പശുക്കള്‍ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ 'അതിഥികള്‍'
dot image

തിരുവനന്തപുരം: പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ പരിപാലിച്ചിരുന്ന പശുക്കള്‍ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയില്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഏഴ് പശുക്കളെയാണ് പരിപാലിച്ചിരുന്നത്. ഇവയെ തൃശ്ശൂര്‍ പുത്തൂരിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡിലെ(കെഎല്‍ഡിബി) ഫാമിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് പശുക്കളെ ക്ലിഫ് ഹൗസില്‍ നിന്നും ബോര്‍ഡിലെ ജീവനക്കാരെത്തി കൊണ്ടുപോയത്.

ക്ലിഫ് ഹൗസിലേക്ക് കെഎല്‍ഡിബിയാണ് പശുക്കളെ നല്‍കിയത്. പശുക്കളുടെ ചുമതലയുള്ളവര്‍ അവയെ തിരികെ നല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് തീരുമാനം. വെച്ചൂര്‍, ജഴ്‌സി, ഹോള്‍സ്റ്റീന്‍ സങ്കരയിനത്തില്‍ ഉള്‍പ്പെടുന്ന പശുക്കളാണ് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നത്. 42.50ലക്ഷം രൂപ ചെലവഴിച്ച് ക്ലിഫ് ഹൗസില്‍ നിര്‍മിച്ച തൊഴുത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മ്യൂസിക്ക് സിസ്റ്റം സ്ഥാപിക്കാന്‍ ആലോചനയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ വിവാദം കനത്തിരുന്നു. ഇതോടെ ആ നീക്കം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഇരുനില തൊഴുത്താണ് ആദ്യം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഓടുമേഞ്ഞ തൊഴുത്താണ് നിര്‍മിച്ചത്. ഭാവിയില്‍ ഇതിന് മുകളിലേക്ക് ഒരു നിലകൂടി നിര്‍മിച്ച് ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സാക്കാനും പദ്ധതിയുണ്ടായിരുന്നു. ക്ലിഫ് ഹൗസിലെ 30വര്‍ഷം പഴക്കമുള്ള തൊഴുത്തില്‍ സൗകര്യക്കുറവ് ഉണ്ടായിരുന്നതിനാലാണ് മൂന്ന് മീറ്റര്‍ അകലെ പുതിയ തൊഴുത്ത് പണിതത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് രണ്ട് മാസം കൊണ്ട് തൊഴുത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Content Highlights: The cows from Cliff House have been placed under the care of the Animal Husbandry Department

dot image
To advertise here,contact us
dot image