

പത്തനംതിട്ട: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച പുരോഗമിക്കുന്നതിനിടെ നേതാക്കളെ പ്രശംസിച്ച് വെളളാപ്പളളി നടേശന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും വെളളാപ്പളളി നടേശന്‍ പ്രശംസിച്ചു. ഏറ്റവുമധികം എംഎൽഎമാരുടെ പിന്തുണയുളളത് കെ സി വേണുഗോപാലിനാണെന്നാണ് വെളളാപ്പളളി നടേശന്‍ പറഞ്ഞത്. ഭരണപരിചയമുളളത് രമേശ് ചെന്നിത്തലയ്ക്ക് ആണെന്നും വി ഡി സതീശന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നേതാവാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. ആരെ മുഖ്യമന്ത്രിയാക്കണം എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നും അവര്‍ ആരെ തീരുമാനിച്ചാലും അത് സ്വീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു.
'ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുളളത് കെ സി വേണുഗോപാലിനാണ്. കെ സി വേണുഗോപാല്‍ പ്രഗത്ഭനാണ്. മിടുക്കനാണ്. അദ്ദേഹമിപ്പോള്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് എങ്ങനെ പോകണം എന്ന് തീരുമാനിക്കുന്ന അതികായനായ നേതാവായി മാറി. കോണ്‍ഗ്രസിലിപ്പോള്‍ മൂന്നാമത്തെ സ്ഥാനം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഇന്ന് വലിയ വിലയുണ്ട്. ഇന്ത്യയില്‍ തന്നെ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ആളാണ്. കോണ്‍ഗ്രസില്‍ പല സംസ്ഥാനത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കാനുളള നയവും നയചാതുര്യവും നേതൃഗുണവുമുളള നേതാവാണ് കെ സി. അദ്ദേഹത്തിന് അവിടെ ഇരുന്നാലും കേരളം ഭരിക്കാന്‍ സാധിക്കും. ഇത് കൊച്ചുകേരളമാണ്. ഇവിടെ എന്താണ് ഉളളത്. കറുകപ്പുല്ല് മാത്രമേ തിന്നാനുളളു. ഇന്ത്യയില്‍ എത്രയോ കരിമ്പിന്‍ തോട്ടങ്ങളാണ് ഉളളത്. അത് തിന്നാന്‍ സൗകര്യമുളളപ്പോള്‍ അദ്ദേഹം ഇവിടെ കറുകപ്പുല്ല് തിന്നാന്‍ വരുമെന്ന് തോന്നുന്നില്ല. യുഡിഎഫ് വിജയത്തിന്റെ ശില്‍പ്പിയാണ് അദ്ദേഹം. മണി പവര്‍ നല്ലപോലെ കാണിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാരെ ജയിപ്പിച്ച ആളാണ്'- വെളളാപ്പളളി നടേശന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല പ്രായംകൂടിയ ആളാണെന്നും ഏറെ നാള്‍ പ്രവര്‍ത്തന പാരമ്പര്യവും പരിചയവും മെയ് വഴക്കവുമുളള നേതാവാണെന്നും വെളളാപ്പളളി പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുളള നയവും നയചാതുര്യവുമുളള നേതാവാണെന്നും അദ്ദേഹത്തിന്റെ ജൂനിയറായ നേതാക്കള്‍ വലിയ നേതാക്കളായപ്പോഴും ആരുമാകാന്‍ സാധിക്കാതെ എല്ലാം സഹിച്ചും കൊടുത്തും നിന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഞ്ചുവര്‍ഷം വിരല്‍ചൂണ്ടി നിന്ന് പ്രഗത്ഭമായ രീതിയില്‍ പ്രവര്‍ത്തിച്ചെന്നും ഇതില്‍ ആരുവേണം എന്ന് തീരുമാനിക്കുന്നത് നിങ്ങളോ ഞാനോ അല്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നും വെളളാപ്പളളി പറഞ്ഞു. യുക്തമായ ആളെ അവര്‍ തീരുമാനിക്കട്ടെ. ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫിന്റെ തോല്‍വിക്ക് താന്‍ കാരണമായി എന്ന് പറയുന്നത് ദുഷ്ടബുദ്ധികളാണെന്നും വെളളാപ്പളളി നടേശന്‍ പ്രതികരിച്ചു. അങ്ങനെ പറയുന്നത് ലീഗുകാരാണ്. ഞാന്‍ മുസ്ലിം വിരോധിയല്ല. മുസ്ലീങ്ങളെ എതിര്‍ത്തിട്ടുമില്ല. മുസ്ലീം ലീഗ് കാണിച്ച വിവേചനത്തിനെതിരെ പറഞ്ഞപ്പോള്‍ ക്രൂശിക്കുന്നതെന്തിനാണ്? പറഞ്ഞ വിഷയം ശരിയോ തെറ്റോ എന്ന് പറയുന്നതിന് പകരം മുസ്ലീങ്ങളെ മൊത്തം ഞാന്‍ ആക്ഷേപിച്ചു എന്ന് പറയുന്നത് ശരിയാണോ? എന്റെ നിലപാടില്‍ നിന്ന് മാറില്ല. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട എന്നാണ് വെളളാപ്പളളി നടേശന്‍ പറഞ്ഞത്. ലീഗ് ചതിയന്‍ ചന്തുമാരാണെന്നും തന്നെ കെട്ടിപ്പിടിച്ച് കുറേ നാള്‍ നടന്ന് പിന്നീട് ചതിച്ചെന്നും വെളളാപ്പളളി പറഞ്ഞു. കുഞ്ഞാലിക്കുട്ടി തീവ്രവാദിയല്ല മിതവാദിയാണെന്നും എല്ലാ വിഭാഗങ്ങളുടെയും വോട്ട് അദ്ദേഹത്തിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മതമാണ് എല്ലാം എന്ന് പറഞ്ഞ കെ എം ഷാജിയെപ്പറ്റി ആരും ഒന്നും പറയുന്നില്ലെന്നും വെളളാപ്പളളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Vellapally Natesan praises KC Venugopal VD Satheesan and Ramesh Chennithala