

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വീണ ജോർജ്. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നുവെന്നും വീണാ ജോർജ് പറഞ്ഞു. വികസനമെന്നത് സ്വപ്‌നം മാത്രമായിരുന്ന ആറന്മുളയെ വികസനസ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്ന മണ്ഡലമാക്കാൻ കഴിഞ്ഞുവെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
'പിന്തുണച്ച എല്ലാവർക്കും നന്ദി. ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നു. 2016ല്‍, പുതിയ ആറന്മുള മണ്ഡലത്തിൽ ആദ്യമായിട്ടാണ്, (പത്തനംതിട്ടയില്‍ അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ) ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. അന്ന് 7646 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2021ല്‍ 19003 ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചു. 10 വര്‍ഷം അങ്ങേയറ്റം ആത്മാര്‍ത്ഥമായി, സത്യസന്ധമായി മണ്ഡലത്തിന് വേണ്ടി അഴിമതി രഹിതമായി പ്രവര്‍ത്തിച്ചു. വികസനമെന്നത് സ്വപ്‌നം മാത്രമായിരുന്ന ആറന്മുളയെ വികസനസ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്ന മണ്ഡലമാക്കാൻ കഴിഞ്ഞു. എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി.
ജനവിധി അംഗീകരിക്കുന്നു. ആറന്മുളയിൽ ഈ കാലയളവിൽ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; എന്നാണ് വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.
കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയോട് അപ്രതീക്ഷിതമായാണ് വീണാ ജോർജിൻ്റെ തോൽവി. 18,985 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അബിൻ വർക്കിയുടെ ജയം. അബിൻ വർക്കി 70,083 വോട്ടുകൾ നേടിയപ്പോൾ വീണാ ജോർജിന് 51,098 വോട്ടുകൾ മാത്രമാണ് നേടാനായത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. 102 സീറ്റാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 35 സീറ്റുകളിൽ മാത്രമായി ഒതുങ്ങി. ബിജെപി 3 സീറ്റുകളുമായി അക്കൗണ്ട് തുറക്കുകയും ചെയ്തു. കഴക്കൂട്ടം, ചാത്തന്നൂർ, നേമം എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്.
വലിയ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. 13 മന്ത്രിമാരാണ് പരാജയപ്പെട്ടത്. മുന്നണിയിലെ പ്രബല കക്ഷിയായ കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും തോറ്റു. സിപിഐഎമ്മിന്റെ ഉരുക്കുകോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും ഇടത് സ്ഥാനാർത്ഥികൾ തോൽക്കുകയായിരുന്നു.
Content Highlights: Following the Kerala Assembly election results, Veena George expressed her gratitude to the people of her constituency for their support. She stated that she accepts both victory and defeat with the same spirit and thanked everyone who stood by her during the election process.