

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്ര വിജയം ആഘോഷമാക്കി പ്രവാസികളായ യുഡിഎഫ് പ്രവര്‍ത്തകര്‍. യുഎഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യുഡിഎഫ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയം കൊണ്ടാടിയത്.
രാവിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയത് മുതല്‍ ആക്ഷാംക്ഷയിലായിരുന്നു പ്രവാസികളായ മലയാളികള്‍. ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെയും മൊബൈല്‍ ഫോണിലൂടെയും വെട്ടെണ്ണലിന്റെ ഓരോ ചലനവും അവര്‍ തത്സമയം വീക്ഷിച്ചുകൊണ്ടേയിരുന്നു. ആദ്യ ഫല സൂചനകള്‍ തന്നെ യുഎഡിഎഫിന് അനുകൂലമായതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തിലായി. പിന്നീടുള്ള ഓരോ ഘട്ടത്തിലും സീറ്റുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആവേശം വാനോളമുയര്‍ന്നു. നൃത്തച്ചുവടുകള്‍ വച്ചും യു.ഡി.എഫിന് ജയ് വിളിച്ചും ചരിത്ര വിജയത്തെ ഓരോരുത്തും വരവേറ്റു. യുഎഇയിലെ ഇന്‍കാസ്, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും ഇന്ന് ജോലിക്ക് അവധി നല്‍കിയാണ് തെരഞ്ഞെടുപ്പ് വിജയം കൊണ്ടാടിയത്.
യുഡിഎഫിന്റെ വിജയം പ്രതീക്ഷിച്ചിരുന്നതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ യുഡിഎഫ് ക്യാമ്പ് ആഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. നൂറിലേറെ സീറ്റുകള്‍ എന്ന തിളക്കമാര്‍ന്ന വിജയം പ്രതീക്ഷിച്ചിരുന്നതായും പ്രവാസികളായ പ്രവര്‍ത്തകര്‍ പറയുന്നു. യുഎഇക്ക് പുറമെ ബഹ്‌റൈന്‍, കുവൈറ്റ്, സൗദി, ഖത്തര്‍, ഒമാന്‍ തുടങ്ങിയ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്.
Content Highlights: The United Democratic Front (UDF) achieved a landmark victory in the Kerala Assembly elections, marking a significant political shift in the state. The win was celebrated not only in Kerala but also by expatriate communities worldwide, reflecting strong support and enthusiasm among Malayalis living abroad.