

കൊച്ചി: ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ സി പി ജോണിനിത് പുതിയൊരു തുടക്കം. രാഷ്ട്രീയ രംഗത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പലരും നിയമസഭയിൽ എത്തിയെങ്കിലും അർഹമായ സ്ഥാനം സി പി ജോണിനെ തേടിയെത്തിയത് ഇപ്പോഴാണ്. തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎയും ഇടതുപക്ഷവും ഉയർത്തിയ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് ഇത്തവണ സി പി ജോണിൻ്റെ വിജയം. നേരത്തെ രണ്ട് തവണയും വിജയ പ്രതീക്ഷ ഉയർത്തി പരാജയപ്പെട്ട ചരിത്രം കൂടിയാണ് ഇത്തവണ തിരുവനന്തപുരത്ത് സി പി ജോൺ തിരുത്തിയെഴുതിയിരിക്കുന്നത്.
ശക്തമായ യുഡിഎഫ് തരംഗത്തിൽ തീരദേശ ജനതയ്ക്ക് സ്വാധീനമുള്ള തിരുവനന്തപുരം സി പി ജോണിനെ പിന്തുണയ്ക്കുകയായിരുന്നു. തീരദേശ മേഖലയിലെ പ്രശ്‌നങ്ങളും നഗര വികസനത്തിലെ മുരടിപ്പും ഉന്നയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രചാരണം വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സി പി ജോൺ 45586 വോട്ടുകൾ നേടിയപ്പോൾ രണ്ടാമതെത്തിയ എൽഡിഎഫിൻ്റെ സുധീർ കരമന 35723 വോട്ടും എൻഡിഎയുടെ കരമന ജയൻ 35125 വോട്ടും നേടി. 9863 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി ജോണിൻ്റെ വിജയം.
എം വി രാഘവനൊപ്പം സിപിഐഎം വിടുമ്പോൾ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ കമ്മ്യൂണിസ്റ്റ് യുവനേതാവ് എന്നതായിരുന്നു സിപി ജോണിൻ്റെ വിശേഷണം. എം വി രാഘവൻ സിഎംപി രൂപീകരിക്കുമ്പോൾ സ്ഥാപക നേതാവ് എന്ന നിലയിൽ പാർട്ടിയുടെ ആശയ മുഖമായി ഉയർത്തിക്കാണിക്കപ്പെട്ട നേതാവ് കൂടിയായിരുന്നു സി പി ജോൺ. സിഎംപിയെ കെട്ടിപ്പെടുക്കുന്നതിൽ കേരളം മുഴുവൻ എം വി രാഘവനൊപ്പം നിന്ന് പ്രവർത്തിച്ച നേതാവായിരുന്നു സി പി ജോൺ. മികച്ച സംഘാടകൻ എന്നതിൽ ഉപരി സാമ്പത്തിക വിദഗ്ധൻ എന്ന നിലയിലും സി പി ജോൺ ശ്രദ്ധേയനാണ്. നേരത്തെ 2011ൽ കുന്ദംകുളത്ത് മത്സരിച്ച സി പി ജോൺ കപ്പിനും ചുണ്ടിനും ഇടയിൽ പരാജയപ്പെടുകയായിരുന്നു. സിപിഐഎമ്മിൻ്റെ ബാബു എം പിലാശ്ശേരിയോട് 481 വോട്ടിനായിരുന്നു ജന്മനാട്ടിൽ സി പി ജോണിൻ്റെ പരാജയം. 2016ൽ വീണ്ടും കുന്നംകുളത്ത് നിന്നും ജനവിധി തേടിയ സി പി ജോൺ പക്ഷെ മണ്ഡലം മാറിയെത്തിയ സിപിഐഎമ്മിൻ്റെ എ സി മൊയ്തീനോട് 7782 വോട്ടിന് പരാജയപ്പെട്ടിരുന്നു.
തുടക്കം എസ്എഫ്‌ഐയില്‍
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സി പി ജോണിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട സി പി ജോൺ ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1986ല്‍ സിപിഐഎം വിട്ട് എം വി രാഘവന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിഎംപി) രൂപീകരിച്ചപ്പോള്‍ സി പി ജോണും സിപിഐഎമ്മിനോട് വിട പറഞ്ഞു. എം വി രാഘവൻ്റെ മരണശേഷം സിഎംപിയിലെ ഒരു വിഭാഗം സിപിഐഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചപ്പോൾ സി പി ജോൺ യുഡിഎഫിനൊപ്പം ഉറച്ച് നിന്നു. നിലവിൽ സിഎംപിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് സി പി ജോൺ.
യുഡിഎഫിന്റെ നയരൂപീകരണ വിദഗ്ധൻ
സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ ഭരണപരമായ സംവിധാനങ്ങളിൽ യുഡിഎഫ് നേതൃത്വം സി പി ജോണിനെ പരിഗണിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരുകള്‍ അദ്ദേഹത്തെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് രണ്ട് തവണ അദ്ദേഹം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി യുഡിഎഫിൻ്റെ നയരൂപീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലത്തുന്ന നേതാവ് കൂടിയാണ് സി പി ജോൺ. യുഡിഎഫിൻ്റെ പ്രകടപത്രിക തയ്യാറാക്കുന്നതിൽ അടക്കം നേതൃപരമായ ഇടപെടൽ കഴിഞ്ഞകാലങ്ങളിൽ സി പി ജോൺ നടത്തിയിരുന്നു. ഇത്തവണ വിജയിക്കുന്ന സീറ്റിൽ സി പി ജോണിനെ മത്സരിപ്പിക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്-മുസ്ലിം ലീഗ് നേതൃത്വങ്ങൾ. തിരുവമ്പാടിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമായിരുന്നു യുഡിഎഫ് നേതൃത്വം സി പി ജോണിനെ പരിഗണിച്ചത്. ഒടുവിൽ കോൺഗ്രസ് മത്സരിച്ച് വരുന്ന തിരുവനന്തപുരം സി പി ജോണിന് വിട്ടു നൽകുകയായിരുന്നു.
1957 ഏപ്രില്‍ 22ന് തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് സി.ഐ. പൗലോസിന്റെയും റോസയുടെയും മകനായി ജനിച്ച സി.പി. ജോണ്‍, ഫിസിക്‌സില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. മികച്ച വായനക്കാരനും എഴുത്തുകാരനുമായ സി പി ജോണിന് രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള അറിവുണ്ട്. റോസ ലക്‌സംബര്‍ഗ് ഉള്‍പ്പെടെയുള്ളവരുടെ ജീവചരിത്ര രചനയില്‍ പങ്കാളിയാണ് അദ്ദേഹം.
Content Highlights: CMP's CP John wins Kerala Assembly Election from Thiruvananthapuram Constituency. He wins an election after waiting for over 40 years.