സിനിമയിലും രാഷ്ട്രീയത്തിലും വിജയ് 'ഗില്ലി ടാ'; പ്രതിസന്ധികൾ തരണം ചെയ്ത വിജയത്തിളക്കം

എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ് മണ്ണില്‍ അധികാരത്തിലെത്തുന്ന സിനിമാതാരമാകാന്‍ ഒരുങ്ങുകയാണ് വിജയ്

സിനിമയിലും രാഷ്ട്രീയത്തിലും വിജയ് 'ഗില്ലി ടാ'; പ്രതിസന്ധികൾ തരണം ചെയ്ത വിജയത്തിളക്കം
dot image

'നാ റെഡി താ വരവാ
അണ്ണന്‍ നാന്‍ ഇറങ്ങി വരവാ'

ലിയോ എന്ന വിജയ് ചിത്രത്തിലെ വരികള്‍ ആണിവ. ഇന്ന് ഈ വരികള്‍ക്ക് മറ്റൊരു അര്‍ഥം കൂടിയുണ്ട്. അതെ, ചരിത്രനേട്ടവുമായി വിജയ് തമിഴ് രാഷ്ട്രീയത്തില്‍ കാലുകുത്തിയിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് വെറും രണ്ടേ രണ്ട്

വര്‍ഷത്തിനുള്ളില്‍ വിജയ് സഫമാക്കിയിരിക്കുന്നത് ചരിത്രം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. സിനിമയില്‍ ആയാലും ബോക്‌സ് ഓഫീസില്‍ ആയാലും ഇനി രാഷ്ട്രീയത്തില്‍ ആയാലും ദളപതി ദളപതി താന്‍ ഡാ എന്ന് അടിവരയിട്ട് വിജയ് തെളിയിക്കുകയാണ്.

vijay

വിജയ്‌യുടെ ഈ വിജയത്തിന് മധുരമേറും കാരണം സാധാരണ വിജയമല്ലിത്. തോല്‍പ്പിക്കാനും പേര് കളങ്കപ്പെടുത്താണ് വിജയ്ക്ക് മുന്നിലും പിന്നിലുമായി ഒരുപാട് പേര്‍ ഉണ്ടായിരുന്നു. പരസ്യമായും രഹസ്യമായും വിമര്‍ശിച്ചവര്‍ പിന്നെയും ഏറെ. രാഷ്ട്രീയമറിയാത്ത സിനിമാക്കാരന്‍ അല്ല വിജയ്. ടിവികെ എന്ന പാര്‍ട്ടി മത്സരിച്ച ആദ്യ ഇലക്ഷനില്‍ തന്നെ ഈ വിജയം നേടുമ്പോള്‍ വിജയ് നേരിട്ട പ്രതിസന്ധികളെ കൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

2024 ഫെബ്രുവരി രണ്ടിനായിരുന്നു ടിവികെയുമായി വിജയ് എത്തിയത്. തുടക്കം മുതല്‍ വിജയ്ക്കും ടിവികെയ്ക്കും കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു. ആരുമായി സഖ്യമുണ്ടാകാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചു. സ്റ്റാലിനെയും ഡിഎംകെയും കടുത്ത ഭാഷയില്‍ തന്നെ വിജയ് തുടക്കം മുതല്‍ വിമര്‍ശിച്ചു. ഒപ്പം ബിജെപിയെയും അവരുടെ ആശയങ്ങളെയും വിജയ് എതിര്‍ത്തിരുന്നു. പക്ഷെ അപ്പോഴും ഈ ആവേശം വോട്ടായി മാറില്ലെന്ന് പലരും പറഞ്ഞു. പിന്നാലെ എംകെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും അടക്കമുള്ളവര്‍ വിജയ്യെ പരിഹസിച്ച് എത്തി.

vijay

എന്നാല്‍ 2025 സെപ്റ്റംബര്‍ 27ന് കരൂരില്‍ വിജയ് സംഘടിപ്പിച്ച റാലിയില്‍ തിക്കിനും തിരക്കിനുമിടയില്‍ പെട്ട് 41 പേരോളം മരിക്കുകയൂം 100 പേര്‍ക്ക് മുകളില്‍ പരിക്കേല്‍ക്കുകയും ചെയ്തത് വിജയ്‌യുടെ രാഷ്ട്രീയ ജീവിതത്തെ തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ള അധ്യായമായി വളര്‍ന്നു. എതിര്‍ പാര്‍ട്ടികള്‍ മാത്രമല്ല ജനങ്ങളുടെ ഭാഗത്ത് നിന്നും വിജയ്‌യുടെ സംഘാടനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ദുരന്തത്തിന് പിന്നാലെ വിജയ് അവിടെനിന്നു മാറിനിന്നതും അദ്ദേഹത്തിന് എതിരായി മാറി. വിജയ്യെ വിമര്‍ശിച്ച് രാഷ്ട്രീയ രംഗത്തുനിന്നും സിനിമാരംഗത്തുനിന്നും ഒരുപാട് പേരെത്തി. പിന്നാലെ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തി. ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്ന് വിജയ് ഉറപ്പു നല്‍കി. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പല തവണയായി സിബിഐ വിജയ്യെ ചോദ്യം ചെയ്തു. പക്ഷേ അവിടം കൊണ്ടൊന്നും വിജയ് തളര്‍ന്നില്ല. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനവുമായി വിജയ് പഴയതിലും ശക്തമായി മുന്നോട്ട് പോയി. അണികളുടെ പിന്തുണ ഉറപ്പാക്കി.

പക്ഷെ ഇതിനിടയില്‍ തന്റെ അവസാന ചിത്രമായ ജനനായകന്റെ രൂപത്തില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തു. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയതിന്റെ ഭാഗമായി സിനിമയില്‍ നിന്നും പിന്‍വാങ്ങിയ വിജയ്‌യുടെ അവസാന ചിത്രമായിരുന്നു ഇത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടെ ജനനായകന്റെ റിലീസ് നീട്ടിവെക്കപ്പെട്ടു. പല തവണ അപ്പീലുമായി നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ജനനായകനെ തിയേറ്ററിലെത്തിക്കാന്‍ സാധിച്ചില്ല. ജനുവരിയില്‍ തിയേറ്ററില്‍ എത്തേണ്ട ചിത്രം ഇന്നും വെളിച്ചം കണ്ടിട്ടില്ല. ഈ നിയമപോരാട്ടം തുടരുന്നതിനിടെ 2015-16 വര്‍ഷത്തെ യഥാര്‍ത്ഥ വരുമാനം വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ച് വിജയ്ക്ക് ആദായ നികുതി വകുപ്പ് ഒന്നരക്കോടി രൂപ പിഴ ചുമത്തി.

vijay

ഇവയെയെല്ലാം രാഷ്ട്രീയ പോരാട്ടങ്ങളായി ചിത്രീകരിക്കുന്നതില്‍ വിജയ് വിജയിച്ചു. എന്നാല്‍ വിജയ്‌യുടെ തമിഴ്-മലയാളി ആരാധകരെ ഉള്‍പ്പെടെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു ഭാര്യ സംഗീതയുടെ ഡിവോഴ്‌സ് പെറ്റീഷന്‍. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്ക് നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിച്ചത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. പിന്നാലെ ഈ നടി തൃഷയാണെന്നും ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

ഈ വാര്‍ത്ത പുറത്തുവന്നതിന് ദിവസങ്ങള്‍ക്ക് ശേഷം തൃഷയുമൊത്ത് വിജയ് ഒരു വിവാഹസത്കാരത്തിനെത്തിയത് ആരോപണങ്ങളെല്ലാം ശരിവെച്ചു.ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനങ്ങള്‍ തൃഷയ്ക്ക് നേരെയും ഉയര്‍ന്നു. എന്നാല്‍ അപ്പോഴും പരോക്ഷമായി തൃഷ വിജയ്യുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നു. വിജയ്‌യുടെ ധാര്‍മികതയും കുടുംബമൂല്യങ്ങളുമെല്ലാം വലിയ രീതിയില്‍ പൊതു വിചാരണയ്ക്ക് വിധേയമായി.

vijay and trisha

എന്നാല്‍ ഈ ആരോപണങ്ങള്‍ക്കിടയിലും വിജയ് തളര്‍ന്നിരുന്നില്ല, പ്രചാരണവുമായി അദ്ദേഹം മുന്നോട്ട് പോയി. 'ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങളെല്ലാം എനിക്ക് വേണ്ടി പോരാടുന്നവരാണ്. നിങ്ങള്‍ വേദനിക്കുന്നത് കാണുമ്പോള്‍ എനിക്കും ദുഃഖമുണ്ട്. എല്ലാം ഞാന്‍ നോക്കിക്കോളാം. അതിലാരും വിഷമിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യരുത്' എന്നായിരുന്നു വിജയ് ചെങ്കല്‍പേട്ടില്‍ നടത്തിയ പാര്‍ട്ടി പരിപാടിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

വീണ്ടും ജനനായകന്റെ രൂപത്തില്‍ പ്രതിസന്ധികള്‍ വിജയ്ക്ക് മുന്നില്‍ അവതരിച്ചു. സിനിമയുടെ മൂന്ന് മണിക്കൂര്‍ നീളമുള്ള പ്രിന്റ് ഇന്റര്‍നെറ്റിലൂടെ ചോര്‍ന്നത് സിനിമ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചു. വിജയ്യെയും ജനനായകനെയും പിന്തുണച്ച് സിനിമാലോകം ഒറ്റകെട്ടായി എത്തി. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിലായി. എന്നാല്‍ അതിനോടകം ജനനായകന്റെ സീനുകള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് സിനിമയുടെ ബിസിനസിനെ സാരമായി ബാധിക്കുകയൂം ചെയ്തു. അപ്പോഴും വിജയ് കുലുങ്ങിയില്ല.

ഇതിനിടെ വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് എത്തിയതും വലിയ വാര്‍ത്തയായി. ഒരു സിനിമയില്‍ വിജയ്ക്ക് ഒരു ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ആകാം. എന്നാല്‍ തമിഴ്‌നാട് പല പ്രശ്‌നങ്ങളും നേരിട്ടപ്പോള്‍ എവിടെയായിരുന്നുവെന്ന് പ്രകാശ് രാജ് നടനോട് ചോദിച്ചു. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. നടന് വേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

jananayagan

എന്നാല്‍ ജനങ്ങള്‍ അന്നും ഇന്നും എന്നും വിജയ്യ്ക്ക് ഒപ്പമാണെന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വിജയ് രക്ഷകനാകുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് ഈ ഫലം. ഡിഎംകെയ്‌ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും സ്റ്റാലിന്‍ സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങളും കുടുംബ വാഴ്ചയുമെല്ലാം ടിവികെയുടെ വിജയത്തില്‍ നിര്‍ണായകമായി എന്നാണ് ഇപ്പോള്‍ ഉയരുന്ന നിരീക്ഷണങ്ങള്‍. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ വെറും ആറ് മാസത്തെ മാത്രം പ്രവര്‍ത്തനമായി കണക്കാക്കിയതിലാണ് എതിര്‍ പാര്‍ട്ടികള്‍ക്കും മറ്റ് പലര്‍ക്കും പിഴച്ചതെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്തേക്ക് വരാനായി വിജയ് ഒരുങ്ങുകയായിരുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 2000ത്തിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്, സിനിമകളിലെ രാഷ്ട്രീയ ഡയലോഗുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തുല്യമായി പ്രവര്‍ത്തന ശൈലിയുള്ള ഫാന്‍സ് അസോസിയേഷന്‍, കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ മത്സരിച്ച് വിജയിച്ചത് തുടങ്ങിയ പല ഘടകങ്ങളും സംഭവങ്ങളുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ് മണ്ണില്‍ അധികാരത്തിലെത്തുന്ന സിനിമാതാരമാകാന്‍ ഒരുങ്ങുകയാണ് വിജയ്. സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് തമിഴ് മക്കള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന വിജയ് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്നാട് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് മുന്നേറുന്നത് ഏവരെയും അമ്പരപ്പിക്കുകയാണ്.

Content Highlights: Thalapathy Vijay's TVK historic lead at tamilnadu elections after all the Crises he faced

dot image
To advertise here,contact us
dot image